തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദേശിച്ചിരുന്നതും ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിരുന്നു. വരുമാനം കൂടിയ സാഹചര്യത്തിൽ സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. കഴിഞ്ഞ നവംബർ 11 ന് ഇത് സംബന്ധിച്ച വാട്സ് ആപ്പ് സന്ദേശം അയച്ചു. പരിശോധനയില്ലാതെ നയതന്ത്ര ബാഗ് വിട്ട് കിട്ടുന്നതിന് കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുമായിരുന്നു ശിവശങ്കറിന്റെ ഈ നടപടിയെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിര് സത്യവാങ്മൂലത്തിൽ ഇ.ഡി വ്യക്തമാക്കി.
അതേസമയം, ശിവശങ്കറെ ഇന്ന് ഇ.ഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിനാൽ റിമാന്‍ഡ് ചെയ്യണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെടും. അതോടൊപ്പം തന്നെ ശിവശങ്കറുടെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.