കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതിയും പെൺകുട്ടിയുടെ സമീപവാസിയുമായ അര്‍ജുനെ(24)യാണ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടത്.
പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജു ഉത്തരവിൽ വ്യക്തമാക്കി. 2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു.
പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അര്‍ജുൻ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നും പ്രതി പറഞ്ഞതായി അറിയിച്ച പൊലീസ്, അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണ് പ്രതിയെന്നും മൂന്നുവര്‍ഷത്തോളമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.