11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം തടവും പിഴയും

മഞ്ചേരി: 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 80 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി താണിപ്പാറ സ്വദേശി കതകഞ്ചേരി വീട്ടിൽ നൗഫൽ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021 ഏപ്രിൽ 19 മുതൽ ജൂൺ 10 വരെ കുട്ടിയുടെ വീട്ടിലും നിർമാണം നടക്കുന്ന ബന്ധുവിന്റെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പല തവണ കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും, ലൈംഗികാതിക്രമത്തിനിടെ കുട്ടിയെ പരിക്കേൽപ്പിച്ചതിന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക മുഴുവൻ കുട്ടിക്ക് നൽകണം. ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖേന കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി. ഡി.സി.ആര്‍.ബിയിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എൻ. സല്‍മ, വനിത പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Tags:    
News Summary - Accused gets 80 years in prison and fine for molesting 11-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.