പൊലീസിനുനേരെ ബോംബെറിഞ്ഞ പ്രതികൾ പിടിയിൽ

കഴക്കൂട്ടം: കണിയാപുരം പുത്തൻതോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലും പിടികൂടാനെത്തിയ പൊലീസിനെ പടക്കമെറിഞ്ഞ് ആക്രമിച്ച കേസിലും ഒളിവിലായിരുന്ന പ്രതികളെ ഗൃഹനാഥനെ ആക്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.

മംഗലപുരം പായ്ച്ചിറ ഷെഫീഖ് മൻസിലിൽ ഷെഫീഖ് (24), ചിറയിൻകീഴ് മുടപുരം സ്വദേശി അബിൻ (22) എന്നിവരാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. ഷഫീക്കിന്റെ വീട്ടിലെത്തിയ പൊലീസിന് നേരെയാണ് രണ്ടുതവണ പടക്കെറിഞ്ഞത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഷഫീഖിന്റെ സഹോദരൻ ഷമീറും മാതാവ് ഷീജയും റിമാൻഡിലാണ്.

ഞായറാഴ്ച രാവിലെ ആറോടെയാണ് വെള്ളനാട് മേപ്പാട്ടുമന പാറവിള പുത്തൻവീട്ടിൽ എസ്. ശ്രീകുമാരൻനായരുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇവർ കിടന്നുറങ്ങുന്നത് രാവിലെ വീട് നോക്കാനെത്തിയ ഉടമ പ്രതികളെ കണ്ടു. വാക്കേറ്റത്തെ തുടർന്ന് പ്രതികൾ ഉടമയുടെ തലയിൽ കല്ല് കൊണ്ട് ഇടിച്ചശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു. ഇതിനിടെ അബിനും കിണറ്റിൽ വീഴുകയും ഷഫീഖ് ഓടി രക്ഷപ്പെടുകയും ചെയ്തു.

തുടർന്നെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി ആര്യനാട് പൊലീസിനെ ഏൽപിച്ചത്. വീട്ടുടമയെ ആക്രമിച്ച കേസിൽ ആര്യനാട് പൊലീസ് കേസെടുത്തു. പ്രതികൾക്ക് പരിക്കുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകുമാരൻ നായരുടെ പരിക്ക് ഗുരുതരമല്ല.

മുഖ്യമന്ത്രിയുടെ അഡീഷനൽ സെക്രട്ടറി രാജശേഖരന്റെ സഹോദരനാണ് മർദനമേറ്റ ശ്രീകുമാരൻനായർ. പണത്തിന് വേണ്ടിയല്ല കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് പുത്തൻതോപ്പ് ലൗ ലാൻഡിൽ നിഖിലി(21)നെ കണിയാപുരത്തുനിന്ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയതെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.

കഞ്ചാവ് വാങ്ങുന്നതിന് നൽകിയ പണം നിഖിലിന്റെ സഹോദരൻ തിരിച്ചുകൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിലാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ മർദിച്ച മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Tags:    
News Summary - Accused of throwing bombs at police; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.