കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 113 ആസിഡ് ആക്രമണങ്ങൾ. 133 പേർക്ക് പരിക്കേൽക്കുകയും അതിൽ 11 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയാക്കപ്പെട്ട 29 പേർക്ക് സംസ്ഥാന സർക്കാറിന്റെ നഷ്ടപരിഹാര പദ്ധതിയിൽപെടുന്ന കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കേരള ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് തുക അനുവദിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായവർക്ക് സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ ഒരുലക്ഷം രൂപ നൽകണമെന്നാണ് വ്യവസ്ഥ. അപേക്ഷ വൈകുന്നതും ഫണ്ട് അപര്യാപ്തതയുമൊക്കെ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.
40 ശതമാനത്തിലധികം രൂപഭംഗം വന്നവർക്ക് മൂന്നുലക്ഷം, അതിൽ കുറവ് രൂപഭംഗം വന്നവർക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം. കോടതിയിൽനിന്ന് ശിപാർശയോ ഇരയുടെയോ ആശ്രിതരുടെയോ അപേക്ഷയോ കിട്ടിയാൽ രണ്ട് മാസത്തിനുള്ളിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഉചിതമായ അന്വേഷണം നടത്തി രേഖകളും മറ്റുവിവരങ്ങളും പരിശോധിച്ച് നഷ്ടപരിഹാരം നിർണയിക്കും. ഒറ്റത്തവണയായോ ഒന്നോ രണ്ടോ തവണകളായോ ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുക.
കൂടാതെ വനിത ശിശുവകുപ്പിന്റെ 2018 ഡിസംബർ 10ൽ നിലവിൽ വന്ന ആശ്വാസ നിധി പദ്ധതിയിലൂടെ ആക്രണമണത്തിന് ഇരയാകുന്നവർക്ക് ഒന്നു മുതൽ രണ്ടുലക്ഷം രൂപ വരെ അനുവദിക്കുന്നുണ്ട്. അപേക്ഷകർ കുട്ടികളാണെങ്കിൽ ജില്ല ശിശു സംരക്ഷണ ഓഫിസർ, സ്ത്രീകളാണെങ്കിൽ ജില്ല വനിത സംരക്ഷണ ഓഫിസർ എന്നിവർക്കാണ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടത്. ആശ്വാസ നിധി പദ്ധതിയിലൂടെ 19 പേർക്ക് 2019 ജനുവരി മുതൽ 2023 മാർച്ച് വരെ തുക അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.