കോട്ടയം: ലേലത്തിനുവെച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് അവസാന അവസരം. കിൻഫ്ര പദ്ധതിരേഖ അംഗീകരിച്ച ക്രെഡിറ്റേഴ്സ് കമ്മിറ്റി ഒന്നാം ബിഡ്ഡറായും അവസരം നൽകി. എന്നാൽ, കിൻഫ്ര ടെൻഡർ അപര്യാപ്തമായതിനാൽ കൂട്ടിനൽകാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വരെ സമയവും നൽകി.
സർക്കാറുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ കിൻഫ്ര മറുപടി നൽകും. ക്രെഡിറ്റേഴ്സ് കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ തയാറായാൽ എച്ച്.എൻ.എൽ സർക്കാറിനു ലഭിക്കും. ഇൗ മാസം ഏഴിനാണ് കിൻഫ്രയും തിരുനെൽവേലിയിലെ സൺ പേപ്പർമില്ലും ടെൻഡർ നൽകിയത്. കഴിഞ്ഞ ദിവസം ക്രെഡിറ്റേഴ്സ് കമ്മിറ്റി ടെൻഡർ പരിശോധിച്ചു.
വായ്പ ബാധ്യതയുടെ 33 ശതമാനം തുകക്കാണ് കിൻഫ്ര ടെൻഡർ വെച്ചത്. സൺ പേപ്പർ മിൽ 20 ഉം. എന്നാൽ, കമ്പനി ബാധ്യത തീർക്കാൻ തുക അപര്യാപ്തമാണ്. ക്രെഡിറ്റേഴ്സ് കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ കിൻഫ്ര തയാറല്ലെങ്കിൽ സൺ പേപ്പർ മില്ലിന് അവസരം ലഭിക്കും. എന്നാൽ, സൺ വലിയ തുക ക്വോട്ട് ചെയ്യാൻ സാധ്യത കുറവാണ്.
കെ.എസ്.ഐ.ഡി.സി, മലബാർ സിമൻറ്സ്, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും സൺ മില്ലുമാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് പകരം, പദ്ധതി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട് നിർദേശിക്കുകയായിരുന്നു. കിഫ്ബിയാണ് ഏറ്റെടുക്കാൻ പണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.