തൊടുപുഴ: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് നിയമം പറയുമ്പോഴും സർക്കാർ നിസ്സംഗത തുടരുന്നു. ഹൈകോടതികളും സുപ്രീംകോടതിയും നിയമത്തിന് അനുകൂല നിലപാടെടുത്തിട്ടും കുട്ടികളെയടക്കം കടിച്ചുകീറുന്ന തെരുവുനായ്ക്കൾക്കെതിരെ നടപടികൾ വൈകുകയാണ്.
1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ടിന്റെ പതിനൊന്നാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് ബി ഉപവിഭാഗമാണ് തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകുന്നത്. ഈ വകുപ്പ് ഉപയോഗിക്കാതെ ക്രിമിനൽ പ്രൊസീജിയർ കോഡ് 133 (എഫ്) അനുസരിച്ച് തെരുവുനായ്ക്കളെ കൊല്ലണമെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ നിർദേശം.
ഈ വകുപ്പ് അനുസരിച്ചാണ് കോട്ടയം കണമലയിൽ രണ്ടുപേരെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ജില്ല കലക്ടർ ഉത്തരവിട്ടത്. വന്യജീവി സംരക്ഷണ നിയമപ്രകാരം അപകടകാരികളായ കാട്ടുമൃഗങ്ങളെ കൊല്ലാൻ സർക്കാറിന് അധികാരമുണ്ട്.
2018 ജൂണിലെ സുപ്രീംകോടതിയിലെ ജസ്റ്റിസ് എ.കെ. ഗോയൽ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലുകതന്നെ വേണമെന്നും ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലരുത് എന്ന് ഉത്തരവിടാനാകില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
2018ൽ ഉത്തർപ്രദേശിലെ സീതാപുർ വില്ലേജിൽ തെരുവുനായ്ക്കൾ സംഘം ചേർന്ന് 13 കുഞ്ഞുങ്ങളെ കടിച്ചുകൊന്നപ്പോൾ തദ്ദേശവാസികൾ അപകടകാരികളായ നായ്ക്കളെ കൊന്നിരുന്നു. ഇതിനെതിരെ അഡ്വ. ഗാർഗി ശ്രീവാസ്തവ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിലാണ് നിർണായക വിധിയുണ്ടായത്.
മനുഷ്യജീവന് തെരുവുനായ്ക്കളെക്കാൾ വിലയുണ്ടെന്ന് കേരള ഹൈകോടതി അഭിപ്രായപ്പെട്ടത് 2018 ഏപ്രിൽ 23നാണ്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടി പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കെട്ടിയിട്ട കേസിൽ ‘സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്’ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. ജോർജ് സ്ലീബ, ബെന്റലി താടിക്കാരൻ എന്നിവർക്കെതിരെ കൊച്ചി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് ഹൈകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘‘കൊച്ചുകുഞ്ഞുങ്ങളെവരെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊല്ലുന്നു. ഇത് തടയാൻ ഫലപ്രദമായ മാർഗങ്ങൾ നിലവിലില്ല. അതിനാൽ ജനങ്ങൾക്ക് അവരുടേതായ മാർഗം സ്വീകരിക്കേണ്ടിവരും. നായ്ക്കളെ പൊലീസ് സ്റ്റേഷന് മുന്നിൽ കെട്ടിയിട്ട സംഭവത്തിൽ പ്രതികൾ ക്രൂരത കാട്ടിയെന്ന് കോടതി കരുതുന്നില്ല’’ -മനുഷ്യരുടെ രക്ഷക്കാണ് ഇങ്ങനെ ചെയ്തതെന്നും കോടതി പറഞ്ഞിരുന്നു.
2022 സെപ്റ്റംബർ ആദ്യവാരം പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിയായ 13കാരി, പേവിഷബാധയേറ്റ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തെരുവുനായ് ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി 2022 സെപ്റ്റംബർ ആറിന് സുപ്രീംകോടതി പരിഗണിച്ചിരുന്നു.
ഈ കേസിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ കുടുംബശ്രീ യൂനിറ്റുകൾക്ക് ഹൈകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹൈകോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹരജി നൽകാനാണ് കേരള സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ, എട്ടുമാസം കഴിഞ്ഞിട്ടും ഇങ്ങനെയൊരു ഹരജി നൽകാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.