കോഴിക്കോട്: ഐ.എൻ.എൽ ദേശീയ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്ത എ.പി. അബ്ദുൽ വഹാബിനും സെക്രട്ടറി നാസർകോയ തങ്ങൾക്കുമെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമപരമായ നടപടികൾ പൂർത്തീകരിച്ചശേഷം ഇരുവരെയും പുറത്താക്കാനാണ് നീക്കം.
നിയമവിരുദ്ധമായി വിളിച്ചുകൂട്ടിയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടിയുണ്ടാകും. ദേശീയ കമ്മിറ്റിയുടെ തീരുമാനം തള്ളി വഹാബ് പക്ഷം വ്യാഴാഴ്ച കോഴിക്കോട്ട് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ദേശീയ കമ്മിറ്റിയെ രൂക്ഷമായി വിമർശിച്ച അബ്ദുൽ വഹാബ് സംസ്ഥാന നേതാക്കൾ തന്നെയാണ് ദേശീയ കമ്മിറ്റിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ദേശീയ നേതൃത്വം പിരിച്ചുവിട്ട പ്രവർത്തക സമിതിയുടെ പ്രസിഡന്റ് എന്ന നിലയിൽ വഹാബിന് കൗൺസിൽ വിളിച്ചുചേർക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതിന് വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ വഹാബിനെയും നാസർകോയ തങ്ങളെയും പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് തീരുമാനം. വഹാബ് വിഭാഗം പാർട്ടിയുടെ പേരും കൊടിയും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
അതിനിടെ, സംഘടന കാര്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഐ.എൻ.എൽ അഡ്ഹോക് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി ദേവർകോവിലുമായി ചർച്ച നടത്തിയത് മധ്യസ്ഥ ചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമാണെന്ന അഭ്യൂഹമുണ്ടാക്കിയെങ്കിലും സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഐ.എൻ.എൽ പ്രശ്നത്തിൽ ഇനി മധ്യസ്ഥതക്കില്ലെന്ന് കാന്തപുരം നേരത്തേ വ്യക്തമാക്കിയതാണെന്നും മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾക്ക് ഇനി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.