ആലപ്പുഴ: നഗ്നദൃശ്യവിഡിയോ വിവാദത്തിൽ ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും നടപടി. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച എ.പി. സോണക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി. ജയനെതിരെയാണ് നടപടി. ഇയാളെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
ജില്ല സെക്രട്ടറി ആർ. നാസറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് തീരുമാനം. പാർട്ടി പുറത്താക്കിയ എ.പി. സോണക്കെതിരെ പരാതി നൽകിയവരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പാർട്ടി നോട്ടീസ് നൽകിയിരുന്നു. ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് തരംതാഴ്ത്തൽ.
സോണയെ പിന്തുണച്ച് ജയൻ ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായിരുന്നു. ‘‘ആരൊക്കെ കല്ലെറിഞ്ഞാലും ഞാനുണ്ടടാ..കൂടെ തോൽക്കാനായാലും ജയിക്കാനായാലും’’എന്നായിരുന്നു പോസ്റ്റ്.
കഴിഞ്ഞതവണ എൽ.സിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവുകൂടിയായിരുന്ന ജയൻ ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചാണ് ജയിച്ചത്. പാർട്ടി പ്രവർത്തകരുടേതടക്കം നിരവധി സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം നിസ്സാരമല്ലെന്ന് കണ്ട് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് ജില്ലാ നേതൃത്വം നടപടി വേഗത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.