കരിപ്പൂർ: വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നടപടി റദ്ദാക്കി. നടപടികൾ റദ്ദാക്കിയുള്ള കത്ത് വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് നിന്ന് ചൊവാഴ്ച കരിപ്പൂരിൽ ലഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാൻ തീരുമാനിച്ചത്.
ജനുവരി 28നാണ് ഇത് സംബന്ധിച്ച വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് നിന്ന് ആർകിടെക്റ്റ് വിഭാഗത്തിലെ സീനിയർ മാനേജർ കത്തയച്ചത്. സുരക്ഷ വർധിപ്പിക്കാൻ 2860 മീറ്റർ നീളമുള്ള റൺവേ 2540 മീറ്ററായി ചുരുക്കി റെസ റൺവേയുടെ രണ്ട് അറ്റത്തും 240 മീറ്ററായി ഉയർത്താനായിരുന്നു നിർദേശം. നിലവിൽ 90 മീറ്ററാണ് കരിപ്പൂരിലെ റെസ.
റൺവേ റീ കാർപറ്റിങ്, സെൻറർ ലൈൻ ലൈറ്റിങ് സംവിധാനം, ടച്ച് ഡൗൺ സോൺ ലൈറ്റ്, റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കൽ, ഇൻസ്ട്രുമെൻറ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്) പുനക്രമീകരിക്കുക തുടങ്ങിയ പ്രവൃത്തികൾ അടുത്ത വർഷം മാർച്ചോടെ പൂർത്തീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതിനായി എസ്റ്റിമേറ്റടക്കം തയാറാക്കിയിരുന്നു. ടെൻഡർ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് തീരുമാനം റദ്ദാക്കിയത്.
ഒമ്പതംഗ സമിതി കരിപ്പൂരിൽ നടപ്പാക്കാൻ മുന്നോട്ടുവെച്ച 16ൽ 15 നിർദേശങ്ങളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) അതോറിറ്റിയും അംഗീകരിച്ചത്. ഇതിൽ രണ്ടാമത്തെ നിർദേശമാണ് റൺവേ നീളം കുറക്കൽ. അതോറിറ്റിയുടെ നീക്കത്തിനെതിരെ പാർലമെൻറിൽ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ എന്നിവർ ശബ്ദമുയർത്തിയിരുന്നു. മലബാറിലെ എം.പിമാർ വ്യോമയാന മന്ത്രിയെയും സന്ദർശിച്ചിരുന്നു.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റെസ നീട്ടാനുള്ള നിർദേശം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നതായി വിമാനത്താവള ഉപദേശകസമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കോചെയർമാൻ എം.കെ. രാഘവൻ എം.പി എന്നിവർ അറിയിച്ചു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രിയെക്കണ്ട എം.പിമാരുടെ സംഘത്തിലുണ്ടായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരും തീരുമാനം സ്വാഗതം ചെയ്തു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എം.പിമാർ നന്ദി അറിയിച്ചു. വലിയ വിമാന സർവിസ് ഉടൻ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.