തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലും മൂലധന നിക്ഷേപത്തിനായുള്ള വായ്പയിലും കേന്ദ്രം മുഖംതിരിച്ചതോടെ പ്രതിസന്ധി മറികടക്കാൻ ട്രഷറി നിക്ഷേപങ്ങളിൽ പിടിമുറുക്കുന്നു. ട്രഷറിയിലെ ബിൽ മാറ്റത്തിനുള്ള പരിധി 25 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമായി താഴ്ത്തിയതിന് പിന്നാലെ സർക്കാർ സ്ഥാപനങ്ങൾ ട്രഷറിയിൽ നിക്ഷേപിച്ച തുക പിൻവലിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. ഇത്തരം ഫിക്സഡ് ഡെപ്പോസിറ്റുകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 25 കോടിയിൽനിന്ന് 10 കോടിയായി ചുരുക്കി. വ്യക്തിഗത നിക്ഷേപങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സർക്കാർ നേരിടുന്ന ധനപ്രതിസന്ധിയുടെ ആഴമാണ് അസാധാരണ ട്രഷറി നിയന്ത്രണങ്ങൾ അടിവരയിടുന്നത്.
ട്രഷറി നിക്ഷേപത്തിന് സർക്കാർ ഗാരന്റിയുണ്ടെന്നതാണ് സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളെ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിച്ചത്. നിശ്ചിത കാലത്തിന് ശേഷമുള്ള പ്രത്യേക ആവശ്യങ്ങൾക്ക് നീക്കിവെച്ച തുകയാണ് പല സ്ഥാപനങ്ങളും ഇത്തരത്തിൽ നിക്ഷേപിച്ചതും.
ധനപ്രതിസന്ധിയിൽ അയവ് വരാതെ ട്രഷറി നിയന്ത്രണങ്ങൾ നീങ്ങില്ലെന്നാണ് സൂചന. ഇതോടൊപ്പം വ്യക്തിഗത നിക്ഷേപങ്ങൾക്ക് നിയന്ത്രണം വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ആകർഷകമായി പലിശ നിരക്കുകൾ പ്രഖ്യാപിച്ച് വ്യക്തികളുടെ നിക്ഷേപങ്ങൾ സർക്കാർ സമാഹരിച്ചിരുന്നു.
കോവിഡിനെ തുടർന്ന് പണം ചെലവഴിക്കലിൽ വകുപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ 2024 നവംബർ മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത് കഴിഞ്ഞയാഴ്ചയാണ്. പെൻഷൻ കമ്പനിയും കിഫ്ബിയുമെടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടമായി പരിഗണിച്ച് വായ്പപരിധി വെട്ടിയതിലൂടെ ഈ വർഷവും 4711 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. തീരുമാനം പുനഃപരിശോധിക്കാനും 4711 കോടി കടമെടുക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം കത്ത് നൽകിയിട്ടും കേന്ദ്രം പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.