കൊണ്ടോട്ടി: വിശ്വസിച്ച പാർട്ടി നീതിക്കൊപ്പം നിന്നില്ലെന്ന നിരാശയിൽ ജീവിതംതന്നെ അവസാനിപ്പിക്കുകയായിരുന്നോ റസാഖ് പയമ്പ്രോട്ട് എന്ന പൊതുപ്രവർത്തകൻ? ഓരോ ഫയലും ഓരോ ജീവിതമാണെന്ന സർക്കാറിന്റെ വാക്കുകൾ ഓർമിപ്പിക്കാനെന്നോണം വ്യവഹാര ഫയലുകൾ കഴുത്തിൽ തുക്കിയായിരുന്നു ഈ പൊതുപ്രവർത്തകന്റെ ആത്മഹത്യ. വിശ്വസിച്ചു പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടിക്കായി സ്വന്തം വീടും പുരയിടവും എഴുതി നല്കിയ റസാഖിന് സാമൂഹിക നീതി പോലും ലഭിച്ചില്ലെന്നാണ് ആരോപണമുയരുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരണം തുടരുന്ന പുളിക്കല്‍ പഞ്ചായത്തിന്റെ ഓഫിസിലാണ് അടിയുറച്ച സി.പി.എം പ്രവര്‍ത്തകനായ റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയത്.
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായിക കേന്ദ്രങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നും റസാഖിനെ അലോസരപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് മരിച്ച സഹോദരന് പയമ്പ്രോട്ട് അഹമ്മദ് ബഷീറിന് (66) ‘ഇന്‍ഡസ്ട്രിയല്‍ ലങ് ഡിസീസ്’ ബാധിക്കാന്‍ കാരണം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണെന്ന ആരോപണം റസാഖ് ശക്തമായി ഉന്നയിച്ചിരുന്നു.
രാസമാലിന്യങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കുപ്പികള്‍ ഹൈഡ്രോളിക് മെഷീനിലിട്ട് ഷീറ്റാക്കുന്ന സ്ഥാപനവും ഇരുമ്പ് കസേരകള്‍ നിർമിക്കുന്ന സ്ഥാപനവും കടുത്ത മലിനീകരണമാണ് മേഖലയിലുണ്ടാക്കുന്നതെന്നും ഇതാണ് സഹോദരന്റെ രോഗബാധക്കും മരണത്തിനും ഇടയാക്കിയതെന്നും റസാഖും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.
ദുര്‍ഗന്ധവും പരിസര മലിനീകരണവുമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ രൂപവത്കരിച്ച കര്‍മസമിതിയുടെ ചെയര്‍മാനായിരുന്നു മരിച്ച അഹമ്മദ് ബഷീര്‍. 2019 മുതല്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ ജനവാസ കേന്ദ്രത്തില്‍നിന്ന് മാറ്റണമെന്ന് പരിസരവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കുറ്റകരമായ അനാസ്ഥയാണ് ഗ്രാമപഞ്ചായത്ത് അധികൃതരുള്‍പ്പെടെ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
ഓറഞ്ച് കാറ്റഗറിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.സി.ബി) അനുവദിക്കുന്ന ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വ്യവസായ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത്. ലൈസൻസ് പ്രകാരം പ്രതിദിനം 100 കിലോ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനും സംസ്കരിക്കാനും അഞ്ച് സ്റ്റീല്‍ ഫര്‍ണിച്ചർ നിർമിക്കാനുമാണ് അനുമതിയുള്ളത്.
എന്നാല്‍, ഈ വ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തി പ്രതിദിനം ആയിരക്കണക്കിന് കിലോ പ്ലാസ്റ്റിക് മാലിന്യസംഭരണവും സംസ്കരണവും നൂറുകണക്കിന് പൗഡര്കോട്ടിങ് സ്റ്റീൽ കസേരകളുടെ നിർമാണവുമാണ് നടക്കുന്നതെന്നും ഇതുമൂലം പരിസരവാസികള്‍ക്ക് ശ്വാസംമുട്ടല്‍ ഉൾപ്പെടെ വിവിധ രോഗങ്ങളാണ് ഉണ്ടാകുന്നതെന്നും റസാഖും സമരസമിതി ഭാരവാഹികളും ആരോപിച്ചിരുന്നു.
ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനിരിക്കെ അന്വേഷണ രേഖകള്‍ അടങ്ങിയ സഞ്ചി ശരീരത്തില്‍ ധരിച്ചാണ് റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്താനുള്ള ചുമതല വ്യവസായ വകുപ്പിനും മാലിന്യ ലഘൂകരണ വകുപ്പിനുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അറിയിച്ചു. അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.