ഇന്ത്യൻ അഭിമാനം ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച് നാവികസേനക്ക് കൈമാറിയ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ച് നടൻ മോഹൻലാൽ. സംവിധായകൻ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ കൊച്ചിൽ ഷിപ്പ് യാർഡിൽ എത്തിയത്. നാവികസേന ഉദ്യോഗസ്ഥർക്കും കപ്പൽശാലയിലെ തൊഴിലാളികൾക്കുമൊപ്പം താരം സമയം ചെലവഴിച്ചു. സന്ദർശനത്തിന് ശേഷം ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ച മോഹൻലാൽ അഭിമാന നിമിഷമെന്ന് കുറിച്ചു.

കടൽ പരീക്ഷണങ്ങളും മറ്റ് സുരക്ഷ പരിശോധനകളും പൂർത്തിയാക്കിയ ശേഷം ജൂലൈ 27നാണ് വിക്രാന്ത് നാവികസേനക്ക് കൈമാറിയത്. 19 വർഷം എടുത്താണ് കപ്പലിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 2007ലാണ് കൊച്ചി കപ്പൽശാലയുമായി പ്രതിരോധ വകുപ്പ് ഇതിനായി കരാറിൽ ഏർപ്പെടുന്നത്. മൂന്ന് ഘട്ട കരാറിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്. 2009ൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.


2021 ആഗസ്റ്റിൽ നിർമാണം പൂർത്തിയായ ശേഷം സമുദ്ര പരീക്ഷണ യാത്രകൾ നടത്തി. ജൂലൈയിലാണ് സുരക്ഷ പരിശോധനകളും പരീക്ഷണങ്ങളും അവസാനിച്ചത്. നിലവിൽ (ഇൻഡിജനസ് എയർക്രാഫ്റ്റ് കാരിയർ -ഐ.എ.സി) 'വിക്രാന്ത്' എന്നറിയപ്പെടുന്ന കപ്പൽ കമീഷൻ ചെയ്തശേഷം ഐ.എൻ.എസ് വിക്രാന്ത് എന്ന് അറിയപ്പെടും. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് രൂപകൽപന.


263 മീറ്റർ നീളവും 63 മീറ്റർ വീതിയുമുള്ള യുദ്ധകപ്പലിന് പരമാവധി 28 നോട്ട് വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. അഞ്ച് ഡെക്കുകളാണുള്ളത്. 1500 നാവികർ കപ്പലിലുണ്ടാകും. മൂന്നു റൺവേകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം വിമാനങ്ങൾക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലിൽ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോൾ പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്.


2002ലാണ് വിമാനാവഹിനി കപ്പൽ തദ്ദേശീയമായി നിർമിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. തുടർന്ന് കൊച്ചി കപ്പൽശാലയെ നിർമാണ ചുമതല ഏൽപ്പിച്ചു. 2009ൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് കപ്പൽ നിർമാണത്തിന് കീലിട്ടത്. 2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, റഷ്യയിൽ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയിൽ തടസങ്ങളുണ്ടായി. പിന്നീട് ഡി.ആർ.ഡി.ഒയുടെ സാങ്കേതിക സഹായത്തോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉൽപാദിപ്പിച്ചത്.

Tags:    
News Summary - Actor Mohan lal visit INS Vikrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.