കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികൾ രാജിവെച്ച മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യു.സി.സി അംഗവും നടിയുമായ പത്മപ്രിയ. ‘അമ്മ’ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജിയെന്നും പത്മപ്രിയ കുറ്റപ്പെടുത്തി.
‘അമ്മ’യിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമ സംഘടനകൾ കാണുന്നത്.
അധികാരശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനക്ക് എടുക്കുന്നില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം അവർ നടത്തട്ടെയെന്ന് പത്മപ്രിയ പറഞ്ഞു.
ഡബ്ല്യു.സി.സി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് വലിയ കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്തു വിടാതിരുന്നതിന് സംസ്ഥാന സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശിപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും ചാനൽ അഭിമുഖത്തിൽ പത്മപ്രിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.