വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കും; യൂത്ത് കോൺഗ്രസുകാർ ഫ്ലാറ്റ് ആക്രമിച്ചെന്ന് നടൻ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ നടൻ വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലു പേർ വിനായകനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി അസി. പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നോർത്ത് പൊലീസിന് കൈമാറിയിരുന്നു. ഈ പരാതികളിലാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ നടനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ച് വിനായകൻ ഫേസ്ബുക്ക് ലൈവ് ചെയ്തത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്' -എന്നിങ്ങനെയായിരുന്നു വിനായകൻ ലൈവിൽ പറഞ്ഞത്.

പൊതുജനങ്ങളും കോൺഗ്രസുകാരും കടുത്ത പ്രതിഷേധം ഉയർത്തിയതോടെ നടൻ ലൈവ് വീഡിയോ ഫേസ്ബുക്കിൽനിന്ന് നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിനായകന്റെ ഫ്ലാറ്റിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലാറ്റിലെ ജനൽ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ, തന്‍റെ ഫ്ലാറ്റിൽ അക്രമം നടത്തിയെന്ന് വിനായകൻ പൊലീസിൽ വാക്കാൽ പരാതി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - actor Vinayakan may be questioned today by Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.