നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ കോടതിയിൽനിന്ന്​ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ആക്രമണദൃശ്യങ്ങൾ കോടതിയിൽനിന്ന്​ ചോർന്നെന്ന ആരോപണത്തിൽ ഹൈകോടതിയുടെ വിജിലൻസ്​ വിഭാഗം അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ ചോർന്നത്​ സംബന്ധിച്ച്​ അന്വേഷണം ആവശ്യപ്പെട്ട്​ നടി നൽകിയ കത്ത്​ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ ഹൈകോടതിക്ക്​ കൈമാറിയതിനെത്തുടർന്നാണ്​ അന്വേഷണം​.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്​ പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കും നടി കത്തെഴുതിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈമാറിയ കത്തും തനിക്ക്​ ലഭിച്ച കത്തും ഹൈകോടതി ചീഫ് ജസ്റ്റിസ്​ അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്ക് കൈമാറി. വിജിലൻസ് രജിസ്ട്രാറുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവാണ്​ അന്വേഷണം നടത്തിവരുന്നത്​.

2017 ഫെബ്രുവരി 17ന്​ തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനുവരുമ്പോൾ വാഹനം തടഞ്ഞുനിർത്തിയാണ്​ നടിയെ ആക്രമിച്ച് പ്രതികൾ ദൃശ്യങ്ങൾ പകർത്തിയത്. കേസ് പിന്നീട്​ പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ വിചാരണ കോടതിയായ എറണാകുളം അഡി. സ്പെഷൽ സെഷൻസ് കോടതിക്ക് കൈമാറുന്നതിനിടെ ചോർന്നെന്നാണ് ആരോപണം.

ദൃശ്യം പരിശോധിച്ച ഫോറൻസിക് വിഭാഗം ഇക്കാര്യത്തിൽ ചില സംശയങ്ങളും നിഗമനങ്ങളും ഉൾപ്പെടുത്തി 2019 ഡിസംബർ 19ന് വിചാരണ കോടതിയിൽ രഹസ്യറിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ വാർത്ത നൽകി. തുടർന്നാണ് വാർത്ത ഞെട്ടിക്കുന്നതും സംഭവം തന്റെ സ്വകാര്യതയെ ഹനിക്കുന്നതുമാണെന്നും വ്യക്തമാക്കി നടി കത്തെഴുതിയത്​.

Tags:    
News Summary - Actress assault case: An investigation has been launched into allegations that the footage was leaked from the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.