തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലൈ 31നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വിചാരണ കോടതി വീണ്ടും സമയം നീട്ടി ചോദിച്ചു.
വിചാരണ നടപടികളുടെ പൂര്‍ത്തീകരണത്തിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് കത്ത് നൽകി. ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ പങ്കാളിയാവുകയാണെന്നാണ് ദിലീപിന്‍റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും അദ്ദേഹം നേരത്തെ ഹൈകോടതിയിൽ വാദിച്ചിരുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജിയിലാണ് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിപാഷകൻ ബി. രാമൻപിള്ള നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കയെന്ന ജസ്റ്റിസ് കെ.ബാബുവിന്റെ ചോദ്യത്തിന്, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും വിചാരണ നീണ്ടുപോകുന്നതാണ് ആശങ്കയെന്നുമാണ് ദിലീപ് അന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.