കൊച്ചി: ആക്രമണക്കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഇരയായ നടി നൽകിയ ഹരജിയിൽ രഹസ്യവാദം (ഇൻ കാമറ) നടത്തും. രഹസ്യവാദം നടത്തണമെന്ന അവരുടെ ആവശ്യം ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 29ന് ഉച്ചക്ക് 2.30ന് ഇൻ കാമറ നടപടി പ്രകാരം ഹരജി പരിഗണിക്കാൻ മാറ്റി. വിചാരണ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യവും അന്ന് പരിഗണിക്കും.
തിങ്കളാഴ്ച കോടതി ചേർന്നയുടൻ ഹരജിക്കാരിയുടെ അഭിഭാഷക കേസ് പ്രത്യേകം പരാമർശിക്കുകയും രഹസ്യവാദമെന്ന ആവശ്യം ഉന്നയിക്കുകയുമായിരുന്നു. ഹരജിയിൽ ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. എന്നാൽ, നടിയുടെ ആവശ്യത്തെ താൻ അനുകൂലിക്കുന്നുവെന്നും ഇതിനെ എതിർക്കുന്നതെന്തിനെന്നും കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. ഇതേതുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ മുമ്പാകെ കേസ് എത്തിയത്.
എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ ഹൈകോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. വനിത ജഡ്ജി വിചാരണ ചെയ്യണമെന്ന നടിയുടെ ഹരജിയിൽ 2019 ഫെബ്രുവരി 25ലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുണ്ടായിരുന്ന കേസ് സ്പെഷൽ അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റിയ കേസ് ഹൈകോടതി ഭരണവിഭാഗം ഓഫിസ് മെമ്മോറാണ്ടത്തിന്റെ ബലത്തിൽ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്നാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.