കൊച്ചി: ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മാളിലും മെട്രോ സ്റ്റേഷനിലും നടന്നുനീങ്ങുന്ന 25നും 30നും ഇടയിൽ പ്രായം തോന്നുന്ന രണ്ട് യുവാക്കളുടേതാണ് ദൃശ്യം. അപമാനിച്ചത് ഇവർ തന്നെയാണെന്ന് നടി സ്ഥിരീകരിച്ചതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ആലുവ ഭാഗത്തുനിന്ന് മെട്രോയിലെത്തി മാൾ സന്ദർശിച്ചശേഷം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് അവർ പോയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ട്രെയിനിൽ യാത്രയായ ഇവർ ജില്ലക്ക് പുറത്തുനിന്നുള്ള യുവാക്കളാണെന്ന് പൊലീസ് സംശയിക്കുന്നു.
മാസ്ക് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. മെട്രോ ട്രെയിൻ കടന്നുപോകുന്ന എല്ലാ സ്റ്റേഷനുകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ റോഡുകൾ, സഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് മാനദണ്ഡപ്രകാരം മാളിൽ പ്രവേശിക്കുമ്പോൾ പേരും ഫോൺ നമ്പറും രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് യുവാക്കൾ വിവരങ്ങൾ നൽകിയിട്ടില്ല. മുമ്പ് വന്ന ചിലരോടൊപ്പം എത്തിയതാണെന്ന് പറഞ്ഞ് അകത്തേക്ക് കയറുകയായിരുന്നു. തുടർന്ന് നേരെ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് പ്രവേശിച്ചത്. അവിടെനിന്ന് സാധനങ്ങളൊന്നും വാങ്ങാതെ മടങ്ങി.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടി സ്ഥലത്തില്ലാത്തതിനാൽ ശനിയാഴ്ച വനിത കമീഷന് മൊഴിയെടുക്കാൻ സാധിച്ചില്ല. തിരികെയെത്തുമ്പോൾ നേരിൽകണ്ട് മൊഴിയെടുക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിലെത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർെന്നന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
സംഭവം ശ്രദ്ധയിൽെപട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദേശം നൽകുകയായിരുന്നു. പൊലീസിന് പുറമേ വനിത കമീഷനും യുവജന കമീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.