മഞ്ജുവിനെ വിസ്തരിക്കുന്നത് ദിലീപ് എതിർക്കുന്നത് തെളിവ് തടയാനെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യറെ വിസ്തരിക്കുന്നതിനെ നടൻ ദിലീപ് എതിർക്കുന്നത് തനിക്കെതിരായ തെളിവുകൾ തടയാനാണെന്ന് കേരള സർക്കാർ. വിസ്തരിച്ചവരെ വീണ്ടും വിസ്തരിച്ച് പ്രോസിക്യൂഷൻ കേസ് വൈകിപ്പിക്കുകയാണെന്ന ദിലീപിന്റെ വാദം തള്ളി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ജുവിനെ വിസ്തരിക്കാതിരിക്കാൻ ദിലീപ് നിരത്തിയ വാദങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകൾ സ്ഥാപിക്കാനും വോയിസ് റെക്കോര്‍ഡിങ് അടക്കം ദിലീപ് നശിപ്പിച്ചത് തെളിയിക്കാനുമാണ് മഞ്ജു ഉള്‍പ്പടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.

മലയാള സിനിമ മേഖലയെ നിയന്ത്രിച്ചിരുന്ന ദിലീപിന്റെ വിവാഹേതര ബന്ധം ഭാര്യ മഞ്ജുവാര്യരോട് വെളിപ്പെടുത്തുകയും തുടർന്ന് അവർ വിവാഹമോചിതരാകുകയും ചെയ്തതിന് പ്രതികാരമായി തെന്നിന്ത്യൻ നടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ പകർത്താൻ ഡ്രൈവറും ഗുണ്ടയുമായ ഒന്നാം പ്രതിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതാണ് കേസ്. രഹസ്യ സ്വഭാവത്തിൽ ഏറ്റവും ഹീനമായ തരത്തിൽ നടത്തിയ കുറ്റകൃത്യമാണിത്.

ദിലീപിന്റെ വൈദ്ഗധ്യവും സ്വാധീനവും അന്വേഷണ ഏജൻസിക്കു വെല്ലുവിളിയായിരുന്നു. തനിക്കെതിരായ തെളിവ് കോടതിയിൽ എത്താതിരിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്. ആക്രമിക്കപ്പെട്ട നടി പുറത്തു പറയാൻ ധൈര്യപ്പെടി​ല്ലെന്ന വിശ്വാസത്തിൽ ആസൂത്രണം ചെയ്ത കൃത്യം അന്വേഷിച്ചപ്പോൾ സാക്ഷികളെ ഒളിപ്പിച്ചും തെളിവുകൾ മറച്ചുപിടിച്ചും വ്യാജ പ്രചാരണങ്ങളിലൂടെയും ആദ്യഘട്ടത്തിൽ ​തന്റെ പങ്ക് മറച്ചുപിടിക്കാൻ ദിലീപിന് കഴിഞ്ഞു. എന്നാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ചതോടെ ദിലീപിനെ പ്രതിയായെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Actress Attack Case: the government said that Dileep's objection to Manju Warrier's interrogation was to prevent evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.