നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എൽ.എ വീണ് പരിക്കേറ്റ അപകടത്തില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇവർ അമേരിക്കയിലേക്ക് മടങ്ങിയത്. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിർമാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയത്. സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കൻ പൗരത്വമുള്ള പൂർണിമയെ പൊലീസ് പ്രതിചേർത്തിരുന്നു.

കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.

തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുന്ന ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. എം.എൽ.എ നിലവിൽ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. അതിനാൽ തലക്കേറ്റ പരിക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുണ്ട്. വെൻറിലേറ്റർ സഹായം കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രോഗി സ്വയം ശ്വാസമെടുക്കാൻ പ്രാപ്‌തയാകുന്നതുവരെ വെൻറിലേറ്റർ സഹായം തുടരേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - Actress Divya Unni returned to America amid dance show controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.