കോഴിക്കോട്: വ്യത്യസ്ത കഥാപാത്രങ്ങളായി നാടകത്തിലും സിനിമയിലും തിളങ്ങിയ കോഴിക്കോട് ശാരദ (76) അന്തരിച്ചു. ഹൃദയാഘാതം മൂലം ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിപറമ്പ് ആറേ രണ്ടിലെ 'ശാരദാസ്' വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. നാടക-സിനിമ നടൻ എ.പി ഉമ്മറാണ് ഭർത്താവ്. മക്കൾ: ഉമദ, സജീവ് (ബീച്ച് ആശുപത്രി), രജിത, അബ്ദുൽ അസീസ്. മരുമക്കൾ: രാജേഷ്( സംഗീതജ്ഞൻ), അപ്പുണ്ണി (എം.ഇ.എസ് മെഡി. കോളജ് പെരിന്തൽമണ്ണ), ബിന്ദു (വ്യവസായ വകുപ്പ്), ഷമീന.
ഗായികയായും അമച്വർ നാടക നടിയായും കലാരംഗത്തെത്തി. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' ആണ് ആദ്യ സിനിമ. 'അങ്കക്കുറി'യിലെ ഡബ്ൾ റോൾ ആദ്യകാലത്ത് ഏറെ ശ്രദ്ധനേടി. 'സല്ലാപ'ത്തിലെ പാറുതള്ളയെ അവതരിപ്പിച്ചായിരുന്നു രണ്ടാംവരവ്. കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കുട്, രാപ്പകൽ, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു. അവസാനമായി അഭിനയിച്ചത് പ്രിയങ്കരി എന്ന സീരിയലിലാണ്.
കേരളസംഗീത നാടക അക്കാദമി അവാർഡ്, എ.ടി അബു പുരസ്കാരം, െക.പി ഉമ്മർ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്.
ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.