ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും- കെ. രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലുമുള്ള 25 സെൻറുവരെ ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മന്ത്രിയുടെ മേൽനോട്ടത്തിൽ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻറെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും.

എറണാകുളത്ത് നടക്കുന്ന കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവിൽ 2,83,097 അപേക്ഷകളാണ് കുടിശികയായുള്ളത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ വർദ്ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കുണ്ടായിരുന്ന തരംമാറ്റത്തിനുള്ള അധികാരം ഡെപ്യുട്ടി കളക്ടർമാർക്കു കൂടി നൽകി നിയമ ഭേദഗതി വരുത്തിയതെന്നു മന്ത്രി പറഞ്ഞു.

നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കുടിശികയായത് എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ രണ്ടു റവന്യൂ ഡിവിഷനുകൾക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കലക്ടർമാർക്കു കൂടി ചുമതല നൽകിയിട്ടുണ്ട്.

റവന്യുമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കലക്ടർമാരുടെ യോഗത്തിൽ ലാൻഡ് റവന്യൂ കമീഷണർ ഡോ.എ. കൗശിഗൻ, ജോയിൻറ് കമീഷണർ എ. ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യു അഡിഷണൽ സെക്രട്ടറി ഷീബ ജോർജ്, കലക്ടർമാർ, അസിസ്റ്റൻറ് കമീഷണർമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരംമാറ്റ പുരോഗതി, വിഷൻ ആൻഡ് മിഷൻ പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർ ഭൂമി സംരക്ഷണം, മണൽ ഖനനം, ഡിജിറ്റൽ സർവെ പുരോഗതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. നാളെയും യോഗം തുടരും

Tags:    
News Summary - Adalats will be organized to dispose of land reclassification applications- K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.