പാലക്കാട്: അധികമായി ഈടാക്കിയ കെട്ടിട നിർമാണ പെർമിറ്റ് ഫീസും അപേക്ഷ ഫീസും തനത് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് 2025 മാർച്ച് 31നു മുമ്പ് തിരിച്ചു നൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. ക്രമവത്കരണ ഫീസിന്റെ കാര്യത്തിലും ഉത്തരവ് പ്രകാരമുള്ള നിരക്ക് കണക്കാക്കണമെന്നും അധികമായി അടച്ച തുക തിരിച്ചുനൽകണമെന്നും ഉത്തരവിലുണ്ട്.
കെട്ടിട നിർമാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ട്നി ഫീസ് എന്നിവയുടെ വർധന കെട്ടിട നിർമാണ രംഗത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് വ്യാഴാഴ്ച മുതൽ കുറവ് വരുത്തിയതെന്ന് ചൊവ്വാഴ്ച ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 2023 ഏപ്രിൽ 10 മുതൽ നിലവിലെ നിരക്ക് പ്രകാരം പെർമിറ്റ് ഫീസും അപേക്ഷ ഫീസും അടച്ചവർക്ക് അധിക ഫീസായി ഈടാക്കിയ തുക നൽകാനും തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി. അതേസമയം പെർമിറ്റ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്താലും വിവിധ കാരണങ്ങളാൽ പെർമിറ്റ് റദ്ദാക്കിയവർക്കും മടക്കത്തുക ലഭിക്കില്ലെന്ന് ഉത്തരവിലുണ്ട്.
ജോലിഭാരം ഏറെയുള്ള തദ്ദേശവകുപ്പ് ജീവനക്കാർക്കുള്ള ഇരട്ടപ്പണി കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. 2024 ജനുവരി മുതലുള്ളത് മാത്രമേ കെ. സ്മാർട്ടിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളൂവെന്നിരിക്കെ 2023 ഏപ്രിൽ പത്തു മുതലുള്ള ഫീസുകൾ മുഴുവൻ കമ്പ്യൂട്ടറിൽ ചേർത്ത് വേണം ഓരോരുത്തരുടെയും കുടിശ്ശിക വകയിരുത്താൻ. മുൻഗണനക്രമമനുസരിച്ച് ഫണ്ട് വിതരണ ഘട്ടം എത്താൻ ഇനിയും മാസങ്ങളേറെ പിടിക്കുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.