തിരുവനന്തപുരം: പൂരം കലക്കിയതിലും ആർ.എസ്.എസ് നേതാക്കളുമയുള്ള കൂടിക്കാഴ്ചയിലുമടക്കം എ.ഡി.ജി.പിക്ക് മുഖ്യമന്ത്രിയൊരുക്കുന്നത് അന്വേഷണങ്ങളുടെ സാങ്കേതികത്വം കൊണ്ടുള്ള സംരക്ഷണ കവചം. എ.ഡി.ജി.പിക്കെതിരെ മൂന്ന് അന്വേഷണങ്ങൾ നടക്കുമ്പോഴും ചുമതലയിൽനിന്ന് മാറ്റുന്നത് പോയിട്ട്, തള്ളിപ്പറയാൻ പോലും മുഖ്യമന്ത്രി സന്നദ്ധനായില്ല. സി.പി.ഐയും ആർ.ജെ.ഡിയുമടക്കം ഇക്കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കരുതൽ. പൂരം കലക്കലിൽ എ.ഡി.ജി.പിക്ക് വീഴ്ചപറ്റിയെന്ന കാര്യം ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ടെന്ന് വാർത്തസമ്മേളനത്തിൽ സമ്മതിക്കുമ്പോഴും സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന കടുംപിടിത്തത്തിലാണ് മുഖ്യമന്ത്രി. അന്വേഷണ റിപ്പോർട്ട് വന്നാലുടൻ നടപടി എന്നതാണ് ഘടകകക്ഷികളെ തണുപ്പിക്കാൻ മുന്നണി യോഗത്തിലും അല്ലാതെയും മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവർത്തിച്ചിരുന്നത്. റിപ്പോർട്ട് കിട്ടുകയും സംസ്ഥാന പൊലീസ് മേധാവി വീഴ്ച സ്ഥിരീകരിക്കുകയും ചെയ്തിട്ടും വിശദാന്വേഷണം പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രി.
അന്വേഷണത്തെ മുഖ്യമന്ത്രി പരിചയാക്കുമ്പോഴും മുന്നണി യോഗത്തിൽ തങ്ങളാരും അന്വേഷണം ആവശ്യപ്പെട്ടില്ലെന്നാണ് ആർ.ജെ.ഡിയുടെ നിലപാട്. ആവശ്യപ്പെട്ടത് എ.ഡി.ജി.പിക്കെതിരായ നടപടിയാണ്. സർക്കാർ നയത്തിനനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. ഈ കീഴ്വഴക്കത്തിന് വിരുദ്ധമായ സമീപനമാണ് അജിത്കുമാറിൽനിന്ന് ഉണ്ടായത്. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നതിലൂടെ മുഖം വികൃതമാവുക മാത്രമല്ല, ഇടതുമുന്നണിയുടെ ആർ.എസ്.എസിനോടുള്ള സമീപനത്തിൽ ജനങ്ങളിൽ സംശയം വർധിക്കുകകൂടിയാണെന്നും ആർ.ജെ.ഡി വ്യക്തമാക്കുന്നു.
ബുധനാഴ്ച ബിനോയ് വിശ്വവുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വീകരിക്കുന്ന നിലപാടുകൾ മുൻകൂട്ടി ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതേ ലക്ഷ്യത്തിൽ കാബിനറ്റ് യോഗത്തിന് മുമ്പ് കക്ഷിനേതാക്കളായ മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.