തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെ സർവീസിൽ നിന്ന് നീക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു കമീഷണർക്ക് പൂരം കലക്കാൻ സാധിക്കില്ലെന്നും ഏതോ ഉന്നത നിർദേശം ലഭിച്ചിട്ടുണ്ടെന്നും അന്ന് താൻ പറഞ്ഞിരുന്നു. അക്കാര്യം ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അജിത് കുമാറിന്‍റെ സർവീസിൽ നിന്ന് നീക്കണം. അല്ലെങ്കിൽ പൂരം കലക്കിയത് അടക്കം എല്ലാത്തിന്‍റേയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പൂരം കലക്കിയെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
പി.വി. അൻവർ എം.എൽ.എയുടേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ്. അതിഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷി എം.എൽ.എ ഉന്നയിച്ചത്. പി. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ മുഖ്യമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും കുറ്റവാളിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്നാണ് പി.വി അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പൊലീസിലുള്ളവർക്കെതിരെ ഇനിയും തെളിവുകൾ പുറത്ത് വിടാനുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാജയമാണ്. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ശശി പരാജയപ്പെട്ടു. എസ്.പി സുജിത് കുമാറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. പിടികൂടുന്ന സ്വർണത്തിന്റെ 60 ശതമാനം എസ്.പി അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്.
എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും സ്വർണക്കടത്തിൽ പങ്കുണ്ട്. അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോർഡ് തന്റെ കൈവശമുണ്ട്. എം.ആർ അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.