തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറും ആർ.എസ്.എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ സർവിസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമല്ലാത്തതാണ് പ്രധാന വെല്ലുവിളി. കൂടിക്കാഴ്ചയിൽ സർവിസ് ചട്ടലംഘനമോ ഔദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടെങ്കിൽ വകുപ്പുതല നടപടിക്ക് മാത്രമേ സാധ്യതയുള്ളൂ.
തൃശൂരിലും കോവളത്തും ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളിൽ സർവിസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഡി.ജി.പിയുടെ അന്വേഷണത്തിൽ മുൻഗണന. എ.ഡി.ജി.പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ, കൂടിക്കാഴ്ചക്ക് മുന്നോടിയായി സർക്കാറിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതി തേടിയിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കും.
കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം സാധ്യമാകാത്തതിനാൽ ആർ.എസ്.എസിന്റെ ഉന്നത നേതാക്കളായ ഹൊസബലയുടെയും രാം മാധവിന്റെയും മൊഴി രേഖപ്പെടുത്താൻ കഴിയില്ല. അതേസമയം, അജിത്കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് നേതാവ് എ. ജയകുമാറിന്റെയും കണ്ണൂർ സ്വദേശിയായ വ്യവസായി അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്താനാണ് ഡി.ജി.പിയുടെ തീരുമാനം.
എന്നാൽ കൂടിക്കാഴ്ചയുടെ ഉദ്ദേശമോ, കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങളോ കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തൽ. എ.ഡി.ജി.പിയുടെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിനപ്പുറം അന്വേഷണം മുന്നോട്ടുപോകില്ലെന്ന് ചുരുക്കം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റ ആരോപണവും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും ഉണ്ടായിട്ടും അജിത്കുമാറും ആർ.എസ്.എസിന്റെ ഉന്നത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മൂടിവെച്ച സർക്കാർ വിമർശനങ്ങൾക്കൊടുവിൽ 20 ദിവസം കഴിഞ്ഞാണ് ഡി.ജി.പിയോട് അന്വേഷണത്തിന് നിർദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.