പറവൂർ: തങ്ങളുടെ പ്രിയപ്പെട്ട നുന്നുവിന് കണ്ണീർപ്പൂക്കളുമായി ഒഴുകിയെത്തിയത് ഒരു നാട് മുഴുവൻ. ശനിയാഴ്ച കുസാറ്റിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായ ആൻ റുഫ്ത ഈ നാട്ടുകാർക്ക് പ്രിയപ്പെട്ട നുന്നുവാണ്. മൃതദേഹം പൊതുദർശനത്തിനുവെച്ച പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളും കുറുമ്പന്തുരുത്തിലെ കോണത്ത് വീടും സങ്കടക്കടലായി. നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിച്ചത്.
കുറുമ്പന്തുരുത്ത് കോണത്ത് റോയ് ജോർജ്കുട്ടി - സിന്ധു ദമ്പതികളുടെ മകളായ ആൻ റുഫ്ത ചവിട്ടുനാടക കലാകാരികൂടിയാണ്. കുസാറ്റിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു.
ഒരാഴ്ച മുമ്പ് വീട്ടിൽ വന്ന് തിരിച്ചുപോയ മകളുടെ ചേതനയറ്റ ശരീരം വീട്ടിലേക്കെത്തിച്ചതോടെ നിലവിളികളുയർന്നു. ‘നുന്നുമോളേ’ എന്ന് വിളിച്ച് പിതാവ് റോയ് ജോർജ്കുട്ടിയും സഹോദരൻ റിഥുലും അമ്മൂമ്മ റോസിയും അലറിക്കരഞ്ഞു. ഇത് അവിടെ കൂടിയവരെ കണ്ണീരിലാഴ്ത്തി.
പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആൻ പത്താം ക്ലാസ് വരെ പഠിച്ച പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ആദ്യം പൊതുദർശനത്തിന് കൊണ്ടുപോയത്. അധ്യാപകരും വിദ്യാർഥികളും അവിടെ അന്ത്യോപചാരമർപ്പിച്ചു. തുടർന്നാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്.
ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ പ്രാർഥന ശുശ്രൂഷ നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സി.പി.ഐ മുൻ ജില്ല സെക്രട്ടറി പി. രാജു, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ് ലീന വിശ്വൻ തുടങ്ങിയവരടക്കം അന്ത്യോപചാരമർപ്പിച്ചു. ഇറ്റലിയിൽ ജോലി ചെയ്യുന്ന അമ്മ സിന്ധു ചൊവ്വാഴ്ച പുലർച്ച നാലോടെ വീട്ടിലെത്തും. സംസ്കാരം ഉച്ചക്ക് ഒന്നിന് കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.