തൊടുപുഴ: പി.ജെ. ജോസഫിന്റെ പ്രിയതമ ഡോ. ശാന്തക്ക് നാടിന്റെ വിട. വ്യാഴാഴ്ച ഉച്ചയോടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെയടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സാക്ഷിയാക്കി പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബകല്ലറയിലായിരുന്നു സംസ്കാരം. വ്യാഴാഴ്ച പുലർച്ച മുതൽ പി.ജെ. ജോസഫ് എം.എൽ.എയുടെ പുറപ്പുഴ പാലത്തിനാൽ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് എത്തിക്കൊണ്ടിരുന്നത്. ജോസഫും ശാന്തയും ആദ്യമായി കണ്ടുമുട്ടിയ പാലത്തിനാൽ വീട്ടുമുറ്റത്തെ മാവിനോട് ചേർന്ന് രാവിലെ പത്തോടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു.
വസതിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. ഉച്ചക്ക് 12 ഓടെ മൃതദേഹം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ, ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റം എന്നിവർ നേതൃത്വം നൽകി. തുടർന്ന്, ഉച്ചക്ക് ഒരു മണിയോടെ കുടുംബകല്ലറയിൽ സംസ്കരിച്ചു.
സംസ്കാരച്ചടങ്ങുകളിൽ മന്ത്രിമാരായ ആന്റണി രാജു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, മാണി സി. കാപ്പൻ, കെ.കെ. രമ, ജോബ് മൈക്കിൾ, സി.കെ. ആശ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ഇ. ഇസ്മായിൽ, ഷിബു ബേബിജോൺ, ടി.യു. കുരുവിള, വി. സുരേന്ദ്രൻ പിള്ള, കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എം.പി ജോയ്സ് ജോർജ്, മുൻ എം.എൽ.എമാരായ സുരേഷ് കുറുപ്പ്, മാത്യു സ്റ്റീഫൻ, പി.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്, സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിം കുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എസ്. അജി, സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ് എന്നിവർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിക്കുവേണ്ടി മുൻ മന്ത്രി കെ.സി. ജോസഫും എ.കെ. ആന്റണിക്കുവേണ്ടി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസും അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.