കൊച്ചി: ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തതായി ആരോപിച്ച് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) വകുപ്പ് ഡയറക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വകുപ്പിനുകീഴിൽ എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന 39 ജീവനക്കാരാണ് പരാതിക്കാർ. ഡയറക്ടർ ബി. ശ്രീകുമാർ വകുപ്പുതല യോഗങ്ങളിൽ സ്ത്രീകളടക്കമുള്ളവർക്കുനേരെ സഭ്യേതര പദപ്രയോഗം നടത്തുകയും അനാവശ്യമായി ജീവനക്കാരുടെ മാനസിക സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നതായി പരാതിയിൽ ആരോപിക്കുന്നു.
ഒക്ടോബർ മൂന്നിന് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പതിവ് അവലോകന യോഗത്തിലാണ് സംഭവം. മുന്നറിയിപ്പില്ലാതെയാണ് ഡയറക്ടർ യോഗത്തിന് എത്തിയത്. യോഗത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സംഭവങ്ങൾ പരാമർശിച്ച് നരസിംഹറാവു ആണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി എന്നും ക്രിസ്തുമത വിശ്വാസികൾ കുമ്പസാരത്തിൽ എല്ലാം ഏറ്റുപറഞ്ഞശേഷം തെറ്റുകൾ ആവർത്തിക്കുന്നവരാണെന്നും മുസ്ലിംകൾ സമാധാന പ്രേമികളാണെന്ന് പറയുമെങ്കിലും അക്രമകാരികളും തീവ്രവാദികളുമാണെന്നും ഡയറക്ടർ ആക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. വകുപ്പിന്റെ വാർഷിക സർവേയിലെ മികവിന് ഡെപ്യൂട്ടി ഡയറക്ടറെയും റിസർച്ച് ഓഫിസറെയും ഫീൽഡ് ജീവനക്കാരെയും അഭിനന്ദിച്ച് ജില്ല കലക്ടർ നൽകിയ കത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന് ഡയറക്ടർ പരിഹസിച്ചതായും പറയുന്നു.
ഒക്ടോബർ ഏഴിന് ഡയറക്ടർ വിളിച്ച ഓൺലൈൻ യോഗത്തിലും ഡെപ്യൂട്ടി ഡയറക്ടറെ ഏറെനേരം അധിക്ഷേപിച്ചതായും തനിക്കെതിരായ ഊമക്കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്ന കത്തിൽ ഡെപ്യൂട്ടി ഡയറക്ടറെക്കൊണ്ട് സമ്മർദത്തിലൂടെ ഒപ്പിടുവിക്കുകയും ചെയ്തത്രെ.
ഈ സംഭവങ്ങൾക്കുശേഷം വകുപ്പിലെ സ്ത്രീ ജീവനക്കാരടക്കം കടുത്ത മാനസിക സമ്മർദത്തിലും ആശങ്കയിലുമാണെന്നും പരാതിയിലുണ്ട്. 39 ജീവനക്കാർ ഒപ്പിട്ട പരാതി സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) വഴിയാണ് മുഖ്യമന്ത്രിക്ക് നൽകിയത്. മനുഷ്യാവകാശ കമീഷൻ, പ്ലാനിങ് സെക്രട്ടറി, പൊലീസ് എന്നിവർക്കും പരാതി നൽകുന്നുണ്ട്.
എന്നാൽ ജീവനക്കാരുടെ പ്രവർത്തനമികവ് മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളിൽ അതൃപ്തിയുള്ള ഏതാനും ചിലർ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് പരാതിയെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാർ. ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ വ്യാജ പരാതിയിലൂടെ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയുമാണ്.
തന്റെ അനുമതിയില്ലാതെ വകുപ്പിന്റെ ചട്ടക്കൂടിന് പുറത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തുന്ന പരിപാടികളെ ഡയറക്ടർ എന്ന നിലയിൽ നിയന്ത്രിച്ചിട്ടുണ്ട്. വകുപ്പിനുള്ളിലെ പ്രശ്നങ്ങൾ അവിടെത്തന്നെ പരിഹരിക്കാനാണ് ശ്രമം. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കവെ നരസിംഹറാവുവിനെക്കുറിച്ച് സാന്ദർഭികമായി പരാമർശിച്ചതാണ്.
എല്ലാവരോടും സഹവർത്തിത്വത്തോടെ പെരുമാറുകയും എല്ലാ മതവിഭാഗങ്ങളെയും ആദരിക്കുകയും ചെയ്യുന്നയാളാണ് താൻ. ഇത്തരം നീക്കങ്ങൾ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കാനേ സഹായിക്കൂ എന്നും ഡയറക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.