സന്ദീപ് വാര്യർ നാളെ പാണക്കാട്ടേക്ക്; സാദിഖലി ശിഹാബ് തങ്ങളെ കാണും

മലപ്പുറം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞായറാഴ്ച പാണക്കാട് സന്ദർശിക്കും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും.

യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കാണും. നേരത്തെ, കോൺഗ്രസിലെത്തിയ സന്ദീപിനെ സ്വാഗതം ചെയ്ത് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്നാണ് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ്. നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച അപ്രതീക്ഷിതമായാണ് കോൺഗ്രസിൽ ചേർന്നത്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച സന്ദീപിനെ ത്രിവർണ ഷാൾ അണിയിച്ച് സ്വീകരിച്ചു. വെറുപ്പുമാത്രം ഉൽപാദിപ്പിക്കുന്നിടത്ത് സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തന്‍റെ തെറ്റെന്നും വെറുപ്പിന്‍റെ രാഷ്ട്രീയം ഉപേക്ഷിച്ചതിന്‍റെ ആഹ്ലാദത്തിലാണ് താനെന്നും സ്വീകരണവേദിയിൽ സന്ദീപ് പറഞ്ഞു. കോൺഗ്രസിന്‍റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്.

ശനിയാഴ്ച രാവിലെ കോൺഗ്രസ് നേതാക്കൾ സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യംവിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. താൻ കോൺഗ്രസിൽ ചേർന്നതിന് ഉത്തരവാദി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പറഞ്ഞ സന്ദീപ് ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഏകാധിപത്യം വാഴുന്ന, ജനാധിപത്യത്തിന് വിലകൽപിക്കാത്ത സംവിധാനത്തിനകത്തായിരുന്നു താനെന്നും സന്ദീപ് പറഞ്ഞു.

Tags:    
News Summary - Sandeep Warrier to Panakkad tomorrow; meet Sadiqali Shihab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.