ഏകസിവില്‍ കോഡിനെതിരെ ആദിവാസി-ദലിത് സിവില്‍ അവകാശ പ്രഖ്യാപനറാലി ആഗസ്റ്റ് ഒമ്പതിന് കൊച്ചിയില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കുന്ന ഏക സിവില്‍ കോഡിനെതിരെ ലോക ആദിവാസിദിനമായ ആഗസ്റ്റ് ഒമ്പതിന് കൊച്ചിയില്‍ ആദിവാസി-ദലിത് വിഭാഗങ്ങളുടെ സിവില്‍ അവകാശപ്രഖ്യാപന റാലിയും സമ്മേളനവും വിവിധ ആദിവാസി -ദലിത് സംഘടനകള്‍ നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസാഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹിന്ദുരാഷ്ട്ര വാദം പ്രഖ്യാപിത ലക്ഷ്യമായി മുന്നോട്ടുപോകുന്ന ബി.ജെ.പി. സര്‍ക്കാരിന്‍റെ സിവില്‍ കോഡ് വാദം ആശങ്കയുളവാക്കുന്നതാണ്. ഭരണഘടന രൂപീകരണ കാലഘട്ടത്തില്‍ ദേശീയ നേതാക്കള്‍ ആഗ്രഹിച്ചതും, ഭരണഘടനയുടെ നിര്‍ദ്ദേശകതത്വത്തില്‍ പ്രഖ്യാപിച്ചതുമായ ലക്ഷ്യമാണോ ബി.ജെ.പി. സര്‍ക്കാരിനുള്ളതെന്നതും സംശയാസ്പദമാണ്. രാജ്യമെമ്പാടും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കന്ന ദലിത് - ആദിവാസി വിരുദ്ധ അതിക്രമങ്ങളുടെയും പൗരത്വനിയമം, സവര്‍ണ്ണസംവരണ നിയമം, ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍, മണിപ്പൂരിലെ വംശീയസംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെയും പശ്ചാത്തലത്തില്‍ തുറന്ന സവര്‍ണ്ണഹിന്ദുമേധാവിത്തഭരണം സ്ഥാപിക്കുകയാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ലക്ഷ്യം എന്ന് വ്യക്തമാണ്.

ഇന്ത്യയിലെമ്പാടും ഗോത്രവര്‍ഗ്ഗപ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ ഏകസിവില്‍ കോഡിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനയുടെ അഞ്ച്, ആറ് പട്ടികകളുടെ സംരക്ഷണമുള്ള ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാരവും പിന്തുടരുന്നവരാണ്. പൊതുസമൂഹത്തിന്‍റെ വ്യക്തിനിയമങ്ങളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അടുത്ത സെന്‍സസില്‍ പ്രത്യേക മതവിഭാഗമായി (സവർണകോഡ്) പിന്‍തുടരുന്നവരെന്ന നിലയില്‍ പരിഗണന വേണമെന്നാണ് ഗോത്രവര്‍ഗ്ഗമേഖലയില്‍ നിന്നും ഉയരുന്ന ആവശ്യം. ഗോത്രവർഗക്കാരെ ഏകസിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ബി.ജെ.പി.യില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുമുണ്ട്.

ഏകസിവില്‍ കോഡ് രാഷ്ട്രം എത്തിച്ചേരേണ്ട സ്വപ്നം എന്ന നിലയില്‍ മാത്രമാണ് നിർദേശകതത്വത്തില്‍ ഉള്‍പ്പെടുത്തിയത്. സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിലെ മുഖ്യവെല്ലുവിളിയായി ഭരണഘടനാ നിര്‍മ്മാണ വേളയില്‍ പരിഗണിക്കപ്പെട്ടിരുന്നത് ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിലെ വിവാഹം, പിന്‍തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹമോചനം തുടങ്ങിയവയിലെ സ്ത്രീവിരുദ്ധവും, കീഴാളവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വശങ്ങളെയാണ്.

തുല്ല്യതയും സാഹോദര്യവും പുലരുന്ന ഒരു രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ ഹിന്ദുസമൂഹത്തിന്‍റെ നവീകരണത്തിനാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഭരണഘടന നിര്‍മ്മാണ അസംബ്ലിയില്‍ സമഗ്രമായ ഒരു ഹിന്ദുകോഡ് ബില്‍ അവതരിപ്പിക്കുന്നത് അതിന്‍റെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് പ്രാധാന്യം നല്‍കിയതോടൊപ്പം ഹിന്ദു കോഡ് ബില്ലിനും ഡോ. ബി.ആര്‍. അംബേദ്കര്‍ ഏറെ പരിഗണന നല്‍കിയിരുന്നു.

ഹിന്ദുസമൂഹത്തിലെ സ്ത്രീകളുടെ അവകാശത്തിനും ജനാധിപത്യവ്യവസ്ഥക്ക് വിഘാതമായി നില്‍ക്കുന്ന ജാതിവ്യവസ്ഥയെ ദുർബലപ്പെടുത്താന്‍ പര്യാപ്തമായ ഒന്നെന്ന നിലയിലാണ് ഹിന്ദു കോഡ് ബില്ലിലെ വ്യവസ്ഥകളെ അദ്ദേഹം കണ്ടിരുന്നത്. എന്നാല്‍ ഹിന്ദുമഹാസഭയും യാഥാസ്ഥിതികരും സമുന്നതരായ കോണ്‍ഗ്രസ് നേതാക്കളും ഹിന്ദുകോഡ് ബില്ലിനെതിരെ ശക്തമായി രംഗത്തുവരികയാണ് ഉണ്ടായത്. പ്രസ്തുത സാഹചര്യത്തിലാണ് ഡോ. അംബേദ്കാര്‍ നിയമമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നത്. ഇന്ത്യയില്‍ പിന്നീട് പാസാക്കപ്പെട്ട ഹിന്ദുകോഡ് നിയമം ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലിനെ വെട്ടിമുറിച്ചതും, അതിന്‍റെ കാതലായ ഭാഗങ്ങള്‍ മാറ്റിയതുമാണ്.

ഇന്ത്യന്‍ ദേശീയ നേതൃത്വങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചയുടെ ഫലമാണ് ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സവർണ ഹിന്ദുമേധാവിത്തവും പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രവാദവും. ഭരണഘടന വിഭാവനം ചെയ്യുന്ന ഏകസിവില്‍ കോഡ് എന്ന പ്രഖ്യാപനത്തിലെത്താന്‍ ഡോ. അംബേദ്കര്‍ മുന്നോട്ടുവച്ച ഹിന്ദുകോഡ് ബില്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പരിഷ്കരണം നടക്കേണ്ടത് ഭൂരിപക്ഷസമുദായമായ ഹിന്ദുമതത്തിനുള്ളിലാണ്. ഇപ്പോള്‍ നടക്കുന്ന ഏകസിവില്‍ കോഡ് ചര്‍ച്ചകള്‍ ഈ വസ്തുത മറച്ചുവെക്കാനും, ന്യൂനപക്ഷവികാരം ആളിക്കത്തിക്കാനുമാണ്.

ഇന്ത്യയില്‍ ഏകസിവില്‍ കോഡിന് പകരം എല്ലാ സമുദായങ്ങളുടെയും ആഭ്യന്തര പരിഷ്കാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. നിയമവ്യവഹാരങ്ങളില്‍ പലപ്പോഴായി പ്രതിഫലിക്കാറുള്ള വ്യക്തികളുടെ അവകാശങ്ങളും സമുദായത്തിന്‍റെ (മതങ്ങളുടെ) താല്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും നല്‍കുന്ന സൂചന ഇതുതന്നെയാണ്. സമുദായങ്ങളുടെ ആഭ്യന്തരമായ പരിഷ്കരണങ്ങളുടെ പ്രതിഫലനമായി മാത്രമെ ഏകസിവില്‍ കോഡിലെത്തിച്ചേരാന്‍ കഴിയൂ.

ലോക ആദിവാസി ദിനമായ ആഗസ്റ്റ് 9 ന് കൊച്ചിയില്‍ ദലിത് - ആദിവാസി സിവില്‍ അവകാശപ്രഖ്യാപനറാലിയും സമ്മേളനവും; ആഗസ്റ്റ് 10 ന് ആദിവാസി സ്വയംഭരണം, വനാവകാശം, പെസനിയമം, ദലിത് അവകാശപത്രിക എന്നിവയെ സംബന്ധിച്ച ഏകദിന ശില്പശാലയും നടത്തുമെന്ന് അറിയിച്ചു. എ.ജി.എം.എസ് സെക്രട്ടറി പി.ജി. ജനാര്‍ദ്ദനൻ, സി.എസ് മുരളി, സി.ജെ തങ്കച്ചന്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   

Tags:    
News Summary - Adivasi-Dalit civil rights declaration rally against single civil code in Kochi on August 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.