എ.ഡി.എമ്മിന്‍റെ മരണം; കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം

പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് അവകാശപ്പെട്ട പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ ടി.വി. പ്രശാന്തിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

തിങ്കളാഴ്ച രാവിലെ 10ന് മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് ആശുപത്രിയിലേക്കും തുടർന്ന് കോളജ് ഓഫിസിലേക്കും കോൺഗ്രസ് പ്രവർത്തകർ കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെ ആശുപത്രി കാഷ്വാലിറ്റിക്കു മുമ്പിലും കോളജിനു മുമ്പിലും പ്രതിഷേധവുമായി എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി പൊലീസ് വലയം ഭേദിച്ച് കയറാൻ ശ്രമിച്ചത് ഏറെ നേരം സംഘർഷാവസ്ഥക്കിടയാക്കി. 

അതിനിടെ, എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അഴിമതിക്കെതിരെ മാത്രമാണ് സംസാരിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞു. ജില്ല കലക്ടര്‍ ക്ഷണിച്ചതിനെ തുടർന്നാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞു.

Tags:    
News Summary - ADM Naveen Babu death Clashes in congress Kannur Govt. Medical College march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.