വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ശൈഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫിസര്‍മാരുടെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. അജയകുമാറിന് സേന ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു. പൊലീസ്, അർധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ചത്.

1959ലെ ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ വെച്ച് കാണാതായ പൊലീസ് സേനാംഗങ്ങളെ തിരഞ്ഞ് പോയ സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ചെറുത്തുനിന്ന പത്തു പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നു. ഇവരുടെ സ്മരണാർഥമാണ് ഒക്ടോബര്‍ 21ന് രാജ്യമെങ്ങും പൊലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.

Tags:    
News Summary - Tributes were paid to the martyred police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.