തിരുവനന്തപുരം: ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ ടി.വി. പ്രശാന്തനെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. അയാൾ ഇനി സർവിസിൽ ഉണ്ടാകാൻ പാടില്ല. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും’ -മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരനല്ല. താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി അന്വേഷണം നടത്തും.
‘പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് റഗുലറൈസേഷൻ നടക്കുകയാണ്. ജീവനക്കാരെ ഘട്ടംഘട്ടമായി സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്ന പ്രക്രിയ പുരോഗമിക്കുന്നുണ്ട്. ഇതിനകം നിരവധി ഡോക്ടർമാരെയും നഴ്സുമാരെയും ഇപ്രകാരം അംഗീകരിച്ചിട്ടുണ്ട്. പ്രശാന്തനെ റഗുലറൈസ് ചെയ്ത് സർക്കാർ ജീവനക്കാരനാക്കിയിട്ടില്ല. ഇയാൾ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാൽ, ഇതുമായി മുന്നോട്ട് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ടി.വി പ്രശാന്തൻ സർവിസിൽ വേണ്ട എന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും'- മന്ത്രി അറിയിച്ചു.
സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പെട്രോൾ പമ്പിന്റെ അപേക്ഷകൻ എന്ന് മെഡിക്കൽ കോളജിനറിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറി, ജോയിൻ്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ എന്നിവർ പരിയാരത്തുപോയി സംഭവം അന്വേഷിക്കും- മന്ത്രി കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും പരിയാരം മെഡിക്കൽ കോളജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡിഎംഇ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ല. ചില വിവരങ്ങൾ മാത്രമാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോർട്ടിലെ അവ്യക്തയാണ്. കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് അഡി. ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രിൻസിപ്പിൽ സെക്രട്ടറി അന്വേഷണത്തിന് നേരിട്ട് പരിയാരത്ത് എത്തും -വീണ ജോർജ് പറഞ്ഞു.
വിദ്യാർഥി ജീവിതകാലം മുതൽ നവീൻബാബുവിനെ അറിയാമെന്നും ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയസമയത്തും കോവിഡ് കാലത്തും എന്റെ കൂടെ പ്രവർത്തിച്ച ഓഫിസറാണ് നവീൻ ബാബു. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി ചെയ്യും. പ്രശാന്തൻ സർക്കാരിന്റെ ശമ്പളം വാങ്ങിക്കില്ല. അതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. നവീൻ ബാബുവിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. പാർട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.