തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ തെൻറ നിലപാട് വ്യക്തമാക്കിയത്. ജാതി വിവേചനമെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്, കള്ളങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു അവർ ചെയ്തതെന്ന് അടൂർ കുറ്റപ്പെടുത്തി. അവരുടെ പ്രവർത്തനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അടൂർ പറഞ്ഞു. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. അതേസമയം, രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നു നടന്നെങ്കിലും തുടരാൻ കൂട്ടാക്കിയില്ല.
ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അടൂർ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നതുൾപ്പെടെ ശങ്കർ മോഹനെതിരെ ഉയർന്ന ആരോപങ്ങങ്ങളെല്ലാം അടൂർ തള്ളി.
ഒരു ദളിത് ക്ലർക്ക് വിദ്യാർഥികളെ ആകെ സ്വാധീനിച്ച് വാർത്ത പരത്താനാണ് ശ്രമിക്കുകയായിരുന്നുവെന്ന് അടൂർ പറഞ്ഞു. ഇന്സിറ്റിട്യുറ്റിൽ ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു സമരം നടത്തിയത്. സമരത്തിലായിരുന്ന വിദ്യാർഥികൾ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന ധാരണയിലായിരുന്നു മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. പക്ഷെ സമരനേതാക്കൾ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയി. ചലച്ചിത്രമേളയുടെ മറവിൽ വിദ്രോഹപരിപാടികൾ നടന്നുവെന്നും സിനിമ കാണാനല്ല, സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനാണ് വിദ്യാർഥികൾ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂർ കുറ്റപ്പെടുത്തി.
കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഈവേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.