തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് വന്നിട്ട് മാസങ്ങളായിട്ടും സർക്കാർ മൗനത്തിൽ. മാതാപിതാക്കളുടെ ഇടപെടലിലൂടെ കുഞ്ഞിനെ അനുപമയില്‍നിന്ന് മാറ്റി ചട്ടങ്ങളെല്ലാം ലംഘിച്ച് ഇതരസംസ്ഥാനത്തേക്ക് താല്‍ക്കാലിക ദത്ത് നല്‍കിയതാണ് സംഭവത്തിന് ആധാരം. കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കൾക്ക് ലഭ്യമാക്കിയെന്നതൊഴിച്ചാൽ മറ്റ് നടപടിയൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റിക്കും പൊലീസിനും ഗുരുതര വീഴ്ച പറ്റിയെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോര്‍ട്ട് നല്കി ഏഴ് മാസമായി.
വിവാദങ്ങളിൽ ഉൾപ്പെട്ടവരെല്ലാം ഇപ്പോഴും നിർണായക സ്ഥാനങ്ങളിൽ തുടരുകയാണ്.പ്രസവിച്ച കുഞ്ഞിനുവേണ്ടി മാതാപിതാക്കളായ അനുപമയും അജിത്തും സെക്രട്ടേറിയറ്റിനും ശിശുക്ഷേമ സമിതിക്കും മുന്നിൽ വെയിലും മഴയും വകവെക്കാതെ നടത്തിയ സമരം പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു. സി.പി.എമ്മിലെ ഒരു ഉന്നത നേതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാർ ഇടപെടലുകളും രാഷ്ട്രീയ വിവാദമായി. സി.പി.എമ്മിന്റെ ഉന്നത നേതാക്കളിൽ പലരോടും സഹായം തേടിയെങ്കിലും വൃന്ദ കാരാട്ട് ഒഴികെ ആരും തന്റെ സങ്കടം കേൾക്കാനോ വിഷയത്തിൽ ഇടപെടാനോ തയാറായില്ലെന്ന പരാതിയും അനുപമ ഉയർത്തിയിരുന്നു. കുഞ്ഞിനുവേണ്ടി കോടതിയിലും സെക്രട്ടേറിയറ്റിന് മുന്നിലും അനുപമ നടത്തിയ പോരാട്ടമാണ് ഒടുവിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറാനും ഡി.എൻ.എ പരിശോധന നടത്താനും കോടതിയും നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ദത്ത് നൽകിയ ദമ്പതികളിൽനിന്ന് കുഞ്ഞിനെ തിരിച്ചുവാങ്ങി കൊണ്ടുവന്നത്. അതിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയെ സര്‍ക്കാര്‍ നിയോഗിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ട് ഡയറക്ടർ കൈമാറി. റിപ്പോർട്ടിന്മേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രിയും വ്യക്തമാക്കി. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ടിന്മേൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.