മുതിർന്നവർക്കും ജനന സർട്ടിഫിക്കറ്റിലെ പേര് തിരുത്താം

പാലക്കാട്: സ്കൂൾ പ്രവേശന രജിസ്റ്ററിലും എസ്.എസ്.എൽ.സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും ഒറ്റത്തവണ തിരുത്താൻ സർക്കാർ അനുവാദം നൽകി. ഇതുവരെ അഞ്ച് വയസ്സ് കഴിഞ്ഞാൽ ജനന രജിസ്റ്ററിൽ പേര് തിരുത്താൻ അനുവാദമുണ്ടായിരുന്നില്ല. ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ സാധിച്ചിരുന്നില്ല.

വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്.എസ്.എൽ.സി, ജനന സർട്ടിഫിക്കറ്റുകളിലെ പേര് വ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം പരിഹരിക്കാൻ ജനന-മരണ രജിസ്ട്രാർ ഉൾപ്പെടെ നിരവധി കുറിപ്പുകൾ സർക്കാറിന് സമർപ്പിച്ചിരുന്നു. ഈ വിഷയം ഗൗരവമായെടുത്താണ് സർക്കാർ തീരുമാനമെടുത്തതെന്ന് കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം തിരുത്തി നൽകുന്ന ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ പേരിൽ അക്ഷരത്തെറ്റ് മാത്രമാണ് മാറ്റേണ്ടതെങ്കിൽ അത് നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Adults can also amend the name on the birth certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.