അഡ്വ. പി. മുസ്തഫ അന്തരിച്ചു

കണ്ണൂർ: കണ്ണൂർ ഇസ്ലാഹി ട്രസ്റ്റ് സ്ഥാപക ചെയർമാനും കണ്ണൂർ ജില്ല എം.ഇ.എസ്. സ്ഥാപക സെക്രട്ടറിയും കണ്ണൂർ ബാറിലെ ആദ്യകാല അഭിഭാഷകനുമായിരുന്ന അഡ്വ. പി. മുസ്തഫ (90) അന്തരിച്ചു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍റെ പിതാവാണ്. മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് താണ സക്കരിയ മസ്ജിദിൽ. ഖബറടക്കം സിറ്റി ജുമാ മസ്ജിദിൽ.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്‍റെ സന്തത സഹചാരിയായിരുന്ന സി. അബൂബക്കറിന്‍റെയും പാത്തുമ്മബിയുടെയും മകനായി 1932 ജൂലൈ 23ന് കണ്ണൂരിൽ പി. മുസ്തഫ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കണ്ണൂർ സിറ്റി എം.എം.യു.പി. സ്കൂളിലായിരുന്നു. കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂളിൽ നിന്ന് 1952ൽ എസ്.എസ്.എൽ.സി പാസ്സായി. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ ആകൃഷ്ടനായി, വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ വിദ്യാർഥി ഫെഡറേഷനിൽ (എ.ഐ.എസ്.എഫ്) അംഗമായി. 1952-56 കാലത്ത് ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദം നേടി.

1954-56 കാലത്ത് മദിരാശി ലോ കോളജിൽ വിദ്യാർഥിയായി. ലോ കോളജിലെ ജീവിതം അദ്ദേഹത്തെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ അകൃഷ്ടനാക്കി. കോളജ് വിദ്യാഭ്യാസ കാലത്ത് ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധം പുലർത്തി. സോഷ്യലിസ്റ്റ് വിദ്യാർഥി നേതാവായിരുന്ന എം. പത്മനാഭൻ നായരെ പോലുള്ളവരുമായി ചേർന്ന് പാർട്ടിയുടെ വിദ്യാർഥി വിഭാഗം കെട്ടിപ്പടുക്കുന്നതിൽ പ്രവർത്തിച്ചു.

ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി പ്രജ സോഷ്യലിസ്റ്റ് പാർട്ടിയായി (പി.എസ്.പി) മാറിയപ്പോൾ പി.എസ്.പിയുടെ ജില്ല നേതാവായി. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ട്രേഡ് യൂനിയൻ രംഗത്തും സജീവമായി പി. മുസ്തഫ പ്രവർത്തിച്ചു. തിരുവേപ്പതി യൂനിയൻ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്റ്റാഫ് യൂനിയൻ, കണ്ണൂർ സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ, കോ ഓപറേറ്റീവ് സ്പിന്നിങ് മിൽ സ്റ്റാഫ് യൂനിയൻ അടക്കം നിരവധി തൊഴിലാളി യൂനിയനുകളുടെ സാരഥ്യം വഹിച്ചു.

1963-64 സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹ്യരംഗത്തും അഭിഭാഷകവൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കണ്ണൂർ ജില്ല ഗാന്ധി സെന്‍റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ആരംഭകാലം മുതൽ ആജീവനാന്ത അംഗമാണ്. കേരള സ്റ്റേറ്റ് എം.ഇ.എസ് എക്സിക്യൂട്ടീവ് അംഗം, എം.ഇ.എസ് കണ്ണൂർ ജില്ല സ്ഥാപക സെക്രട്ടറി, സലഫി ട്രസ്റ്റ് ചെയർമാൻ, സലഫി ബിഎഡ് കോളജ്, സീനിയർ സെക്കൻഡറി സ്കൂൾ, സലഫി എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2012ന് ഗാന്ധി സെന്‍റിനറി മെമ്മോറിയൽ സൊസൈറ്റി അഡ്വ. പി. മുസ്തഫയെ പി. കുഞ്ഞിരാമൻ വക്കീൽ സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുത്തിരുന്നു.

എം.ഇ.എസ്. വനിത വിഭാഗം വൈസ് പ്രസിഡന്‍റും കണ്ണൂർ ജില്ല സെക്രട്ടറിയുമായിരുന്ന സൈനബിയാണ് ഭാര്യ. ഇ.ആർ. അബൂബക്കർ സിദ്ദീഖ് (അഡ്നോക്ക്, അബുദാബി), മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് റഫീഖ് (വ്യാപാരി), ഫാത്തിമ എന്നിവർ മറ്റ് മക്കളാണ്. മരുമകൻ: ഡോ. ഷഫീഖ്.

Tags:    
News Summary - adv p musthafa passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.