തിരുവനന്തപുരം: പുതിയ റൂട്ടുകൾ കണ്ടെത്തി സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 'സ്വിഫ്റ്റ്' സ്വന്തമാക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ ലാഭകരമായ അന്തർ സംസ്ഥാന സർവിസുകൾ. ഒരു റൂട്ട് പോലും സ്വിഫ്റ്റ് പുതുതായി കണ്ടെത്തിയിട്ടില്ല. പകരം തമിഴ്നാടുമായും കർണാടകയുമായും വിവിധ കരാറുകളിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയ റൂട്ടുകളില്‍ പുതിയ ബസ് ഓടിച്ച് വരുമാനമുണ്ടാക്കാനാണ് നീക്കം.
കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയ ധനവിഹിതം ഉപയോഗിച്ച് വാങ്ങിയ ബസുകൾ പുതിയ കമ്പനിയുടെ പേരിൽ സർവിസ് നടത്തുന്നുവെന്നതല്ലാതെ പുതുമയൊന്നും സ്വിഫ്റ്റിന് അവകാശപ്പെടാനില്ല. കെ.എസ്.ആർ.ടി.സിക്കാകട്ടെ, ലാഭകരമായ റൂട്ടുകൾ കൈമോശം വരികയും ചെയ്യും.
നിലവിലെ ജീവനക്കാരെ ഉപയോഗപ്പെടുത്താതെ സ്വന്തമായി കരാർ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിച്ചാണ് സ്വിഫ്റ്റിന്‍റെ ഓപറേഷൻ. കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളൊന്നും ഇവിടെ ബാധകവുമല്ല. ഫലത്തിൽ മറ്റ് തൊഴിൽ ബാധ്യതകളില്ലാതെ കരാർ തൊഴിലിന്‍റെ ആനുകൂല്യത്തിൽ ലാഭക്കണക്ക് എഴുതിച്ചേർക്കാമെന്നതാണ് മാനേജ്മെന്‍റ് കണക്കുകൂട്ടൽ. അന്തര്‍ സംസ്ഥാന പാതകളില്‍ സ്വകാര്യബസുകള്‍ കൈയടക്കിയിരുന്ന റൂട്ടുകള്‍ സ്വിഫ്റ്റിലൂടെ തിരിച്ചുപിടിക്കുമെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ നേരത്തേയുള്ള അവകാശവാദം.
നിരത്തിലുള്ള ഓടിപ്പഴകിയ സെമി സ്ലീപ്പര്‍ ബസുകള്‍ക്കു പകരം സ്വീപ്പര്‍ ബസുകള്‍ എത്തിയെന്നതല്ലാതെ ഇതിലും കാര്യമായ മാറ്റമില്ല. പുതിയ സ്ലീപ്പറുകൾ കെ.എസ്.ആർ.ടി.സിക്ക് കീഴിൽ ഓടിച്ചാലും ജീവനക്കാരുടെ വേതനക്കാര്യത്തിലല്ലാതെ വരുമാനക്കാര്യത്തിൽ വലിയ മാറ്റവുമുണ്ടാകില്ല. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് തുടങ്ങിയ 1250 ഓളം സൂപ്പര്‍ക്ലാസ് ദീർഘദൂര സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്ക് പ്രധാനമായും വരുമാനം നേടിക്കൊടുക്കുന്നത്.
ഓർഡിനറി സർവിസുകളിൽ താരതമ്യേന കലക്ഷൻ കുറവാണ്. സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ഓടുന്നവയടക്കം ഓർഡിനറി സർവിസുകളിലുണ്ട്. ദീർഘദൂര സർവിസുകളിൽ നിന്നുള്ള ലാഭത്തിൽ നിന്നാണ് ഓർഡിനറി സർവിസ് വഴിയുള്ള നഷ്ടം നികത്തുന്നത്. വരുമാനം കൂടിയ സൂപ്പർ ക്ലാസ് സർവിസുകൾ പ്രത്യേക കമ്പനിക്ക് കീഴിലാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടത്തിലുള്ള സർവിസുകൾ മാത്രമാകും. മാത്രമല്ല, റൂട്ട് കൈമാറ്റത്തിലൂടെ കുറഞ്ഞത് 750 ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.