യു.എസിൽ മാത്രമല്ല, ഇങ്ങ് കൊച്ചുകേരളത്തിലും തെരഞ്ഞെടുപ്പുവന്നാൽ ഫേസ്ബുക്കിനും ഗൂഗിളിനും പണക്കൊയ്ത്താണ്. ഫേസ്ബുക്കിലും ഗൂഗിളിലും പരസ്യമെറിഞ്ഞ് വോട്ടുവാരാൻ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും മത്സരമാണ്. സ്വന്തം പേരിലും പാർട്ടികളുടെ പേരിലും പെട്ടെന്ന് തട്ടിക്കൂട്ടിയതുമായ എഫ്.ബി പേജുകളിലാണ് ഇവരുടെ പരസ്യം പോരാട്ടം. പശ്ചിമബംഗാൾ-2.45 കോടി രൂപ, തമിഴ്നാട് -2.03 കോടി, അസം -66.59 ലക്ഷം, കേരളം-37.52 ലക്ഷം, മഹാരാഷ്ട്ര-30.91 ലക്ഷം രൂപ എന്നീ സംസ്ഥാനങ്ങളാണ് ഒരുമാസ പരസ്യ കണക്കിൽ ആദ്യ അഞ്ച് സ്ഥാനത്ത്.
ഒരു മാസത്തിനിെട (2021 ഫെബ്രു. 27 മുതൽ മാർച്ച് 28വരെ) 'സാമൂഹിക വിഷയങ്ങളും തെരഞ്ഞെടുപ്പ് അല്ലെങ്കിൽ രാഷ്ട്രീയം' എന്ന വിഭാഗത്തിലെ പരസ്യങ്ങളിൽനിന്ന് കേരളത്തിൽനിന്ന് എഫ്.ബി കീശയിലാക്കിയത് 37.52 ലക്ഷം രൂപയാണ്. ഒരാഴ്ചക്കിടെ (മാർച്ച് 22- 28) 20.38 ലക്ഷം രൂപയും. മാർച്ച് 28ന് മാത്രം 3.75 ലക്ഷം രൂപയും സുക്കർബർഗ് കൊണ്ടുപോയി. ഇക്കാലയളവിൽ കൂടുതൽ പണം മുടക്കിയത് 'എൽ.ഡി.എഫ് കേരളം' എന്ന എഫ്.ബി പേജാണ്- 11.98 ലക്ഷം രൂപ. രണ്ടാം സ്ഥാനത്ത് സ്പോട്ടിഫൈ എന്ന ആപ്പാണ്-1.92 ലക്ഷം രൂപ. മൂന്നാംസ്ഥാനത്ത് ഗുരുവായൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദർ ആണ്-98,039 രൂപ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് -കേരള-84,045, കഴക്കൂട്ടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ-67,99, തൃക്കാക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജെ. ജേക്കബ്-63,693, ഒൺട്രിനൈവോം വാ (നമുക്ക് ഒത്തുചേരാം) എന്ന ഡി.എം.കെയുടെ പേജ്-53,034, ചിറ്റൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. കൃഷ്ണൻകുട്ടിയുടെ 'എെൻറ MLA എെൻറ അഭിമാനം' പേജ് -51,558, കൽപറ്റ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാർ -47,672, ഇടുക്കി ജില്ലയിലെ മുതിർന്ന സി.പി.ഐ നേതാവ് വാഴൂർ സോമെൻറ പേജ്-34,694 എന്നിങ്ങനെയാണ് ബാക്കി പത്ത് വരെയുള്ള സ്ഥാനത്ത്.
മാർച്ച് 28ന് ഒരുദിവസം മാത്രം എൽ.ഡി.എഫ് കേരളം നൽകിയത് 1.29 ലക്ഷം രൂപയാണ്. അവിെടയും ഒന്നാംസ്ഥാനം കൈവിട്ടില്ല. രണ്ടാമതാകട്ടെ 23,351 രൂപ മുടക്കിയ എം.വി. ശ്രേയാംസ്കുമാറാണ്. മൂന്നാമത് 12,157 രൂപ കൊടുത്ത കാഞ്ഞിരപ്പള്ളി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയുടെ 'ഓഫിസ് ഒാഫ് അൽഫോൻസ് കണ്ണന്താന'മാണ്. തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാർ-10,696 രൂപ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് -കേരള-10,143 എന്നിങ്ങനെയാണ് ഒരുദിന പരസ്യ ചെലവിൽ ആദ്യ അഞ്ച് സ്ഥാനത്ത്.
മാർച്ച് 22 മുതൽ 28വരെയുള്ള ഒരാഴ്ചക്കിടെ 21.74 ലക്ഷം രൂപയാണ് എഫ്.ബിക്ക് കിട്ടിയത്. ഇതിലും ഒന്നാമത് 7.63 ലക്ഷം രൂപ ചെലവിട്ട എൽ.ഡി.എഫ് കേരളമാണ്. അഡ്വ. കെ.എൻ.എ. ഖാദർ- 54,774 രൂപ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് -കേരള- 53,889 രൂപ, എം.വി. ശ്രേയാംസ്കുമാർ-47,672 എന്നിങ്ങനെയാണ് ഒരാഴ്ചത്തെ അഞ്ചു സ്ഥാനങ്ങൾ.
ചില പേജുകളിലെ പരസ്യത്തിന് പണം മുടക്കുന്നതാകട്ടെ പാർട്ടിയോ സ്ഥാനാർഥിയോ അല്ല. മറ്റു വ്യക്തികളാണ്. എൽ.ഡി.എഫിന് വേണ്ടി പണം മുടക്കുന്നത് വിഷ്ണു ബാബു, അഡ്വ. കെ.എൻ.എ. ഖാദറിന് വേണ്ടി ഷിഫ്ന കോയ, എം.വി. ശ്രേയാംസ് കുമാറിന് രാഹുൽ മേനോൻ, ഡോ. ജെ. ജേക്കബിന് ജേക്കബ് ജേക്കബ്, ഡോ. എസ്.എസ്. ലാലിന് റാസിസ്, ഇ.എം. ആഗസ്തിക്ക് ജെസൻ സണ്ണി, കെ. കൃഷ്ണൻകുട്ടിക്ക് പുഷ് ഇൻറഗ്രേറ്റഡ്, കൃഷ്ണകുമാറിന് സിജു ഗോപിനാഥ്, വാഴൂർ സോമന് വേണ്ടി സോഫി നാസിർ എന്നിവരാണ് പണം നൽകിയിരിക്കുന്നത്.
ഗൂഗിൾ ട്രാൻസ്പെരൻസി റിപ്പോർട്ട് അനുസരിച്ച് ഒരുവർഷത്തിനിടെ (കഴിഞ്ഞവർഷം ഫെബ്രുവരി 19 മുതൽ) 20,639 രാഷ്ട്രീയ പരസ്യങ്ങൾക്കായി 52.64 കോടി രൂപ ഇന്ത്യക്കാർ ചെലവിട്ടുകഴിഞ്ഞു.
42.37ലക്ഷം രൂപയാണ് കേരളം ചെലവഴിച്ചത്. ബി.ജെപി 11,335 പരസ്യങ്ങൾക്കായി 16.80 കോടി രൂപയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് 422 പരസ്യങ്ങൾക്കായി 2.93 കോടി രൂപയും സി.പി.എം 32 പരസ്യങ്ങൾക്കായി 7.25 ലക്ഷം രൂപയുമാണ് ചെലവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.