അന്തിക്കാട്: ആ നിലവിളി അദ്വൈത് കേട്ടു. മരണത്തിനരികിൽനിന്ന് ആ എട്ടാം ക്ലാസുകാരൻ പിടിച്ചുകയറ്റിയത് നാല് ജീവനുകൾ. വീട്ടുവളപ്പിലെ പ്ലാവിൽനിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ അമ്മയുൾപ്പെടെ നാലുപേർക്കാണ് അദ്വൈതിെൻറ വിവേകത്തോടെയുള്ള ഇടപെടൽ തുണയായത്.
പുത്തൻപീടിക താമരത്തറ റോഡിൽ മഠത്തിപറമ്പിൽ സുഗതെൻറ സഹോദരി ലളിത (65), സഹോദരീപുത്രിമാരായ ധന്യ (38), ശുഭ (40), അയൽപക്കത്തുള്ള റോസി (60) എന്നിവർക്കാണ് ഷോക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന ധന്യ അപകടനില തരണംചെയ്തു.
ധന്യയും റോസിയും ചേർന്നാണ് അലുമിനിയം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാനാരംഭിച്ചത്. ധന്യയുടെ കൈയിൽനിന്ന് തോട്ടി വഴുതി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപിക്കാൻ നോക്കിയ അമ്മ ലളിതക്കും ഷോക്കേറ്റു.
ഇവരെ രക്ഷിക്കാൻ നോക്കിയ റോസി തെറിച്ചുവീണു. തുടർന്നാണ് ഇവരെ പിടിച്ച ശുഭക്ക് വൈദ്യുതാഘാതമേറ്റത്. ഉറക്കെ കരഞ്ഞ റോസിയുടെ ശബ്ദം കേട്ട് ഓടിയടുത്ത ധന്യയുടെ മകൻ അദ്വൈത് (13) ഉടൻ വീടിനരികിൽ കിടന്ന സെറാമിക് ടൈൽ ഉപയോഗിച്ച് തോട്ടിയിലേക്ക് ആഞ്ഞെറിഞ്ഞ് വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. മണലൂർ വെളക്കേത്ത് രഖീഷിെൻറ മകനാണ് അദ്വൈത്.
കനത്ത വൈദ്യുതാഘാതത്താൽ ബോധരഹിതയായ ധന്യക്ക് സഹോദരി ശുഭയാണ് അടിയന്തരമായി പ്രഥമശുശ്രൂഷ നൽകിയത്. ശരീരത്തിെൻറ പുറംഭാഗത്തും കാലിലും പൊള്ളലേറ്റ നിലയിലാണ്. ഹൃദയത്തിെൻറ പ്രവർത്തനത്തിൽ നേരിയ വ്യതിയാനം കണ്ടതുമൂലം 24 മണിക്കൂർ നിരീക്ഷണത്തിനുശേഷമേ ആശുപത്രി വിടൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.