കോഴിക്കോട്: ചേവായൂര് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലെ കള്ളവോട്ടിലും സി.പി.എം ആക്രമണത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പാളയം എന്നിവിടങ്ങളിൽ സ്വകാര്യ ബസുകൾ തടഞ്ഞതും തുറന്ന കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചതും സംഘർഷത്തിൽ കലാശിച്ചു. അതേസമയം ഗ്രാമീണ മേഖലയിലെ പല അങ്ങാടികളും പതിവുഞായർ പോലെ പ്രവർത്തിച്ചു. പെട്ടെന്ന് പ്രഖ്യാപിച്ച ഹർത്താലിൽ ദീർഘദൂര യാത്രികരും വിവാഹ സംഘങ്ങളും അടക്കമുള്ളവരാണ് വലഞ്ഞത്.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. രാവിലെ പത്തുവരെ നഗരത്തിൽ പലയിടത്തും കടകൾ തുറക്കുകയും ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ പതിവു രീതിയിൽ സർവിസ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, രാവിലെ പത്തോടെ കോൺഗ്രസ് പ്രവർത്തകരെത്തി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് സർവിസ് ആരംഭിച്ച ബസുകൾ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. ഇവരെ പൊലീസ് തടഞ്ഞെങ്കിലും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാറിന്റെയും ജനറൽ സെക്രട്ടറിമാരായ നിജേഷ് അരവിന്ദിന്റെയും ദിനേശ് പെരുമണ്ണയുടെയും നേതൃത്വത്തിൽ പ്രകടനമായെത്തിയ നൂറോളം പ്രവർത്തകർ കടകളെല്ലാം ബലം പ്രയോഗിച്ച് അടപ്പിക്കുകയായിരുന്നു.
ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ പലവട്ടം ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ഒരു പൊലീസുകാരന് നിസാര പരിക്കേറ്റു. പ്രകോപനത്തോടെ പെരുമാറിയ ഹർത്താൽ അനുകൂലികളോട് ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫ്, കസബ ഇൻസ്പെക്ടർ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംയമനം പാലിച്ചതാണ് വലിയ സഘർഷം ഒഴിവാക്കിയത്. പിന്നീട് പ്രവർത്തകർ പ്രകടനമായി മാനാഞ്ചിറ എസ്.ബി.ഐ ജങ്ഷൻ വരെയയെത്തി. ഇതിനിടെയുള്ള മാവൂർ റോഡിലെ കടകളെല്ലാം ഇവർ അടപ്പിച്ചു. പാളയത്തും സിറ്റി ബസുകൾ തടയാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. കോൺഗ്രസ് പ്രവർത്തകർ ബസുകളുടെ ടയറിലെ കാറ്റഴിച്ച് വിടാനും ശ്രമിച്ചു.
സർവിസ് നടത്തിയ ഓട്ടോകളും തടഞ്ഞു. മിഠായിത്തെരുവിലെ കടകളിൽ ചിലതെല്ലാം തുറന്നെങ്കിലും ആക്രമണമുണ്ടായേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ പലരും സ്വമേധയാ അടക്കുകയായിരുന്നു. അന്തർ ജില്ല ബസുകൾ മിക്കതും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തി. പ്രാദേശിക റൂട്ടുകളിലും ഒട്ടുമിക്ക ബസുകളും സർവിസ് തുടർന്നു. ഹോട്ടലുകൾ മിക്കതും തുറന്നുപ്രവർത്തിച്ചു. ഹർത്താലിനോട് പൊതുവെ സമ്മിശ്ര പ്രതികരണമായിരുന്നു. മേലെ പാളയത്ത് ഞായറാഴ്ചകളിൽ സജീവമായിരുന്ന ‘സൺഡേ മാർക്കറ്റ്’ പതിവുപോലെ പ്രവർത്തിച്ചില്ല.
പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ പാർട്ടികൾ, മറ്റ് അവശ്യ സർവിസ് എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചിരുന്നുവെങ്കിലും ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്നവയടക്കം മിക്ക കടകളും തുറന്ന് പ്രവർത്തിച്ചില്ല. മുക്കം ടൗണിലെ കടകൾ അടപ്പിക്കുകയും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഫോറസ്റ്റ് റേഞ്ച് ഓഫിസർ നോർത്ത് കാരശ്ശേരി സ്വദേശി പി. അബ്ദുൽ ജലീലിനാണ് മർദനമേറ്റത്. ബസ് തടയുന്നത് വീഡിയോയിൽ പകർത്തി എന്നാരോപിച്ചാണ് മുപ്പതോളം വരുന്ന പ്രവർത്തകർ മർദിച്ചത്. കുന്ദമംഗലത്ത് കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ചു. വാഹനം തടയുകയും പെട്രോൾ പമ്പുകൾ, ബാറുകൾ എന്നിവയും പൂട്ടിച്ചു. ഹർത്താലിനോടനുബന്ധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ്-പൊലീസ് സംഘർഷമുണ്ടായി.
കോൺഗ്രസ് പ്രകടനം സമാപിച്ചതിന് ശേഷമാണ് പൊലീസും പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്. റോഡിൽ വെച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അടക്കം നേതാക്കളെ അറസ്റ്റുചെയ്യാൻ ശ്രമിച്ചതാണ് തർക്കത്തിനിടയാക്കിയത്. പിന്നീട് പൊലീസ് നേതാക്കളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. വടകര ടൗണിൽ തുറന്ന കടകൾ രാവിലെ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഉച്ചതിരിഞ്ഞതോടെ എല്ലായിടത്തും വാഹനങ്ങൾ വലിയതോതിൽ നിരത്തിലിറങ്ങുകയും കടകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.