തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

തൃശൂർ: ജില്ലയിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

സി.സി മുകുന്ദന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഭോപാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ചേര്‍പ്പ് പഞ്ചായത്തിലെ പന്നിഫാമില്‍ രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിന് വിധേയമാക്കാനും തീരുമാനമായി. കൃത്യമായ ഇടവേളകളില്‍ ഇവയുടെ രക്തം പരിശോധിക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രോഗബാധ കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികള്‍, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - African swine fever confirmed in Thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.