കേരളത്തിൽ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് നഷ്ടപരിഹാരവും നൽകും. വയനാട്ടിലെ രണ്ടു ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് പറഞ്ഞു.
വയനാട് മാനന്തവാടി തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു. തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും നടപ്പാക്കിയ പ്രതിരോധനടപടികള്‍ സംസ്ഥാനത്തും നടപ്പാക്കും. അസം, നാഗാലാന്‍ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ മൃഗസംരക്ഷണവകുപ്പ് ഉന്നതനേതൃത്വമായി കേരളത്തില്‍നിന്ന് നിരന്തം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമുള്ള നഷ്ടപരിഹാരമാകും കര്‍ഷകര്‍ക്ക് നല്‍കുക.
ഇന്‍ഷുറന്‍സ് കമ്പനിക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഒരെണ്ണത്തിന് ബാധിച്ചാല്‍ എല്ലാത്തിനെയും കൊല്ലേണ്ടിവരുന്നതിനാല്‍ ഭീമമായ നഷ്ടപരിഹാരം കര്‍ഷര്‍ക്ക് നല്‍കേണ്ടിവരും. മൃഗരോഗനിയന്ത്രണത്തിന് സംസ്ഥാനത്തിനുള്ള സഹായപദ്ധതിപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാപനം തടയാൻ മുൻകരുതൽ നിർദേശം പുറത്തിറക്കി ജില്ല ഭരണകൂടം. കണിയാരത്തെയും തവിഞ്ഞാലിലെയും ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടികൾ.
പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പടരാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജില്ലയിലെ റവന്യൂ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണം, പൊലീസ്, വനം വകുപ്പുകള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. രോഗവ്യാപനം തടയുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിർദേശങ്ങളുമായി ഉത്തരവിറക്കി.
രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ പന്നികളെ രോഗവ്യാപനം തടയുന്നതന്റെ ഭാഗമായി ഉന്മൂലം ചെയ്യും. 10 കിലോമീറ്റര്‍ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ഇവിടെനിന്നും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേക്ക് രണ്ടുമാസത്തിനുള്ളില്‍ പന്നികളെ കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഇവയെയും നിരീക്ഷിക്കും. രോഗം സ്ഥീരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥന്, വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട റാപിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിച്ചിട്ടുണ്ട്. ഇവരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.