ഹരിപ്പാട്: കൺനിറയെ അച്ഛനെ ഒന്ന് കാണണം.. വാരിപ്പുണരണം, കവിളിൽ തുരുതുരേ ഉമ്മ വെക്കണം, അച്ഛന്റെ ചുടു മുത്തം വാങ്ങണം. സ്കൂളിൽ കൂട്ടിക്കൊണ്ടുപോയി ഇതാണ് എന്റെ അച്ഛനെന്ന് കൂട്ടുകാർക്കും അധ്യാപകർക്കും കാണിച്ചു കൊടുക്കണം. 15കാരിയായ ഹെലൻ നാളുകളായി കുഞ്ഞുമനസിൽ കൊണ്ടു നടന്ന സ്വപ്നനങ്ങളായിരുന്നു ഇതൊക്കെ. ജീവിതത്തിൽ ഒരിക്കൽ പോലും അച്ഛനെ നേരിൽ കണ്ട ഓർമ ഹെലനില്ല. സമ്മാനങ്ങൾ നിറച്ച പെട്ടികളുമായി സൗദിയിൽ നിന്നും അച്ഛൻ ഷിജു കൊച്ചു കുഞ്ഞ് ഉടൻ വരുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമായിരുന്നു അവൾ.
ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽ നിന്നും നിയമക്കുരുക്കുകളെല്ലാം അഴിച്ച് പിതാവ് ഷിജു കൊച്ചു കുഞ്ഞ് അടുത്ത ദിവസം വീടണയും. എന്നാൽ ഇനി തനിക്ക് വാരിപ്പുണരാൻ കഴിയുക അഛന്റെ ചേതനയറ്റ ശരീരമാണെന്ന ബോധ്യം അവളുടെ ഉളളുലക്കുന്നു. പള്ളിപ്പാട് പുല്ലമ്പട കുരിശ് പള്ളിക്ക് സമീപത്തെ തയ്യിൽ വീട്ടിലെ പ്രതീക്ഷകൾ പെട്ടെന്നാണ് കെട്ടുപോയത്. ഹെലനും മാതാവ് ബിൻസിക്കും ഈ വേർപാട് താങ്ങാവുന്നതിനും അപ്പുറമാണ്.
ഹരിപ്പാട് പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജു (49) സൗദി അറേബ്യയിലെ ജുബൈലിൽ വെച്ചാണ് മരണപ്പെട്ടത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അവിടെ നിന്നു ലഭിച്ച രേഖയിൽ വ്യക്തമാകുന്നു.
ദീർഘകാലമായി പ്രവാസിയായിരുന്ന ഷിജു ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണ് ജോലി തേടി ഷിജു സൗദിയിലേക്ക് പോകുന്നത്. ഐ.വി.ആർ. വെൽഡറായിരുന്ന ഷിജു നല്ല കമ്പനിയിൽ ജോലി കണ്ടെത്താമെന്ന പ്രതീക്ഷയിൽ ഫ്രീ വിസ എടുത്തായിരുന്നു യാത്ര. നല്ലൊരു ജോലിയുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ സ്പോൺസറുടെ പെട്ടെന്നുള്ള മരണം ഷിജുവിന്റെ പ്രതീക്ഷകൾ എല്ലാം തകർത്തു. രേഖകളെല്ലാം തിരികെ കിട്ടാൻ കാലതാമസമെടുത്തു. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് ( ഇക്കാമ ) ലഭിക്കാത്തതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. നീണ്ട 12 വർഷമായി നടത്തുന്ന നാടണയാനുള്ള പരിശ്രമം ഫലംകണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം പിടികൂടുന്നത്. ഷിജുവിനെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ബിൻസി പറഞ്ഞു.
15 വർഷം കാത്തിരിന്നിട്ടും ജന്മം നൽകിയ അച്ഛനെ ജീവനോടെ ഒന്ന് കാണാൻ കഴിയാതെ പോയ ഹെലന്റെ ദൗർഭാഗ്യം ഏവരുടെയും കണ്ണ് നിറയ്ക്കുന്നു.
വർഷങ്ങളോളം ഫോണിലൂടെ സന്തോഷത്തിന്റെ കുളിരു പകരുന്ന ശബ്ദമായിരുന്നു ഹെലന് അച്ഛൻ. പിന്നീടത് കണ്ടാലും കണ്ടാലും മതിവരാത്ത മനസുമായി വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്ന സ്നേഹത്തണലായി മാറി. കുടുംബത്തോടൊപ്പം ചേരാനുള്ള അടങ്ങാത്ത ആഗ്രഹം ഓരോ വിളിയിലും പ്രകടമായിരുന്നു എന്ന് ഭാര്യ ബിൻസി പറഞ്ഞു. പക്ഷാഘാതം വന്ന് കിടക്കുന്ന സഹോദരൻ രാജുവിനെ കാണണമെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അറിയാൻ ഷിജുവിന് വലിയ താല്പര്യമായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ മിക്കപ്പോഴും വിളിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഷിജു ഭാര്യയെ അവസാനമായി വിളിച്ചത്. അന്ന് തന്നോട് അച്ഛൻ പതിവിൽ അധികം സമയം സംസാരിച്ചതായി ഹെലൻ പറഞ്ഞു.
കേടായ സൈക്കിൾ ഇനി എടുക്കേണ്ട എന്നും പുതിയ സൈക്കിൾ അച്ഛൻ വാങ്ങിത്തരാമെന്നും പറഞ്ഞു. പഠിക്കുന്ന കാര്യത്തിൽ എന്താവശ്യമുണ്ടെങ്കിലും പറയണമെന്ന് ഓർമ്മിപ്പിച്ചു. രണ്ടുമൂന്നു മാസത്തിനുള്ളിൽ പ്രശ്നങ്ങളെല്ലാം തീർന്ന് നാട്ടിൽ വരും എന്ന സന്തോഷ വർത്തമാനം പറഞ്ഞാണ് വിളി അവസാനിപ്പിച്ചത്. ഞായറാഴ്ചയും വിളിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം സംസാരിക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് സതീഷ് കുമാറാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിജുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം തിങ്കളാഴ്ച്ച വീട്ടുകാരെ വിളിച്ചറിയിക്കുന്നത്. ഉച്ചയോടെ മരണവാർത്തയുമെത്തി. കാൽ നൂറ്റാണ്ടുകാലം പ്രവാസ ജീവിതം നയിച്ചെങ്കിലും കുടുംബം വക വസ്തുവിൽ നിർമിച്ച വീട് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഷിജുവിന്റെ അപ്രതീക്ഷിതമായ വേർപാട് കുടുംബത്തെ തളർത്തിയിരിക്കുകയാണ്.
പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. നാട്ടിൽ നിന്നുള്ള രേഖകൾ ജമാഅത്തെ ഇസ് ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്റ് അബ്ദുൽ റസാഖ് വഴി സലിം കൈപ്പറ്റി. ശനിയാഴ്ചയോ ഞായറാഴ്ചയോ മൃതദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.