മലപ്പുറം: ഓൺലൈനിലൂടെ മക്കളെ കണ്ടപ്പോൾ കരിഷ്മയുടെ നെഞ്ച് പിടഞ്ഞു, തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞ് തേങ്ങലായി. 20 വർഷത്തിന്റെ വിടവുണ്ടായിട്ടും മക്കളെ കണ്ട് തിരിച്ചറിയാൻ അവർക്ക് അധിക നിമിഷം വേണ്ടിവന്നില്ല. കരഞ്ഞുതീർത്ത അനേകം രാപകലുകൾക്കൊടുവിൽ കുടുംബത്തിന്റെ തണലിലേക്ക് തിരികെ പോകുന്നതിന്റെ നിർവൃതിയിലാണ് മഹാരാഷ്ട്ര റോഹ റായ്ഗഡ് സ്വദേശിനിയായ ഈ 50കാരി.
യൗവനത്തിലുണ്ടായ മാനസികാസ്വാസ്ഥ്യത്തിൽ കരിഷ്മക്ക് നഷ്ടമായത് കുടുംബത്തിന്റെ സാമീപ്യവും 20 വർഷത്തെ സുന്ദര ജീവിതവുമാണ്. റോഹ താലൂക്കിലെ വാങ്ഡി ഗ്രാമത്തിലെ അംഗൻവാടിയിൽ അധ്യാപികയായിരുന്നു അവർ. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബത്തെ അറിയിക്കാതെ നാടുവിട്ടിറങ്ങി. പിഞ്ചു കുഞ്ഞുങ്ങളെ വിദ്യാലയത്തിലാക്കിയാണ് വീട് വിട്ടത്. നാലഞ്ചു വർഷം എവിടെയൊക്കെയോ അലഞ്ഞു. ഒടുവിൽ 15 വർഷം മുമ്പ് മലപ്പുറം പെരിന്തൽമണ്ണയിലെത്തി. അവിടെനിന്ന് പൊലീസാണ് തവനൂരിലെ റെസ്ക്യൂ ഹോമിലാക്കുന്നത്. കരിഷ്മ നാട് വിട്ടതു മുതൽ ഭർത്താവും സഹോദരനും കുടുംബവുമാണ് മക്കളോടൊപ്പമുണ്ടായിരുന്നത്. കരിഷ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഭർത്താവ് മക്കളെ നേഞ്ചോട് ചേർത്ത് വളർത്തി. മകൻ അക്ഷയിന് ഇപ്പോൾ 25ഉം മകൾക്ക് 26ഉം വയസ്സായി. മകൾ ഭർത്താവിനൊപ്പം മുംബൈയിൽ താമസിക്കുന്നു. മകനും ജോലിയുമായി മുംബൈയിൽ തന്നെ.
കഴിഞ്ഞ ദിവസമാണ് അങ്ങകലെയുള്ള കുടുംബത്തോട് വിഡിയോ ചാറ്റിലൂടെ സംസാരിക്കാൻ കരിഷ്മക്ക് സാധിച്ചത്. കാണാതായ ആളുകളെ കണ്ടെത്തുന്ന ‘മിസിങ് പേഴ്സൻ കേരള’ വാട്ട്സ്ആപ്പ് ഗ്രൂപ്പാണ് കരിഷ്മയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത്. ഗ്രൂപ്പിന്റെ അഡ്മിൻ ഒ.കെ.എം. അഷ്റഫിന്റെ പ്രയത്നമാണ് ഫലം കണ്ടത്. മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തകൻ മുന്നു ശർമയുടെ സഹായം നിർണായകമായി. മാർച്ച് ഏഴിന് തലശ്ശേരി ചിൽഡ്രൻസ് ഹോം ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ അഷ്റഫ് മന്നു ശർമയെ ബന്ധപ്പെട്ടതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് ഗ്രാമത്തലവനുമായി വിഡിയോ കോളിലൂടെ സംസാരിച്ചു.
നാട്ടിലേക്ക് തിരികെ പോകണമെങ്കിൽ അവിടെനിന്ന് രേഖകൾ ഹാജരാക്കണം. അവ ഒരുക്കുന്നതിന്റെ ശ്രമത്തിലാണ് മക്കളും ഭർത്താവുമിപ്പോൾ. ശരിയായി കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കുടുംബം തവനൂരിലെത്തും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.