തിരുവനന്തപുരം: 4ജിയിലെ ചവിട്ടിയൊതുക്കലിന് പിന്നാലെ ബി.എസ്.എൻ.എല്ലിന് ഏറ്റവും കൂടുതൽ വരുമാനവും വരിക്കാരുമുള്ള 2ജിയിൽ ഇനി കാര്യമായി നിക്ഷേപമോ ശ്രദ്ധയോ വേണ്ടതില്ലെന്ന് ടെലികോം വകുപ്പ്. 4ജി ഉപകരണങ്ങൾ വാങ്ങുന്നതിന് ടെലിേകാം മന്ത്രാലയം നിയോഗിച്ച 14 അംഗ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് നീക്കം. ബി.എസ്.എൻ.എല്ലിെൻറ മൊത്തം വരുമാനത്തിൽ 60 ശതമാനവും 'വിളി സൗകര്യം' മാത്രമുള്ള 2ജി കണക്ഷനിൽനിന്നാണ്. 4ജി ആരംഭിക്കുകയും ഒപ്പം 2ജി സേവനം ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമുള്ളപ്പോഴാണ് വിപരീതഫലം സൃഷ്ടിക്കുന്ന നിലപാട്.
അത്യാധുനിക 4ജി സൗകര്യവുമായി വിപണി പിടിക്കുന്ന സ്വകാര്യ കമ്പനികൾക്കിടയിൽ 2ജി, 3ജി സേവനം കൊണ്ടാണ് ബി.എസ്.എൻ.എൽ പിടിച്ചുനിൽക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യയുടെ (ട്രായ്) ജൂലൈ റിപ്പോർട്ട് പ്രകാരം 3.88 ലക്ഷം (388313) കണക്ഷനാണ് ബി.എസ്.എൻ.എല്ലിന് വർധിച്ചത്. 4ജി വാഗ്ദാനം ചെയ്യുന്നവരിൽ ഒന്നൊഴികെ കമ്പനികളെയെല്ലാം ഉപഭോക്താക്കൾ കൈവിട്ട സാഹചര്യത്തിലാണ് 2ജി, 3ജിയുമായുള്ള ബി.എസ്.എൻ.എല്ലിെൻറ അതിജീവനം. 4ജിയിലേക്കുള്ള വഴികളിൽ തടസ്സം സൃഷ്ടിക്കൽ മാത്രമല്ല, നിലവിൽ പിടിവള്ളിയായ ഇൗ സാധ്യതകളുടെപോലും അടിവേരറുക്കാനാണ് ടെലിേകാം ഉേദ്യാഗസ്ഥരെ കൂട്ടുപിടിച്ചുള്ള കേന്ദ്ര നീക്കം.
ഉൾമേഖലകളിൽപോലും നെറ്റ്വർക്കുള്ളതിനാൽ ബി.എസ്.എൻ.എല്ലിനെ വിളിയാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നവർ ഏറെയാണ്. ഡാറ്റ ആവശ്യമില്ലാത്തവരും 40 വയസ്സിന് മുകളിലുള്ളവരുമാണ് ഉപഭോക്താക്കളിൽ അധികവും.
സ്വകാര്യകമ്പനികളെല്ലാം 4ജി നെറ്റ്വർക്ക് വികസനത്തിന് പ്രവർത്തനപരിചയമുള്ള ലോക നിലവാരത്തിലുള്ള കമ്പനികളെയാണ് പ്രയോജനപ്പെടുത്തിയത്. ബി.എസ്.എൻ.എല്ലിെൻറ 2ജി, 3ജി സേവനങ്ങൾക്കും ഇൗ കമ്പനികളാണ് നെറ്റവർക്ക് സജ്ജമാക്കിയതും പരിപാലിക്കുന്നതും. ഇൗ കമ്പനികളെ ഉൾപ്പെടുത്തി ടെൻഡറിന് ശ്രമിച്ചെങ്കിലും കേന്ദ്രം റദ്ദാക്കി.
നെറ്റ്വർക്ക് വികസനത്തിന് മൂന്ന് ഇന്ത്യൻ കമ്പനികളെ ഇടനിലക്കാരായി നിശ്ചയിക്കണമെന്നാണ് 14 അംഗ കമ്മിറ്റി നിർദേശം. 4ജി സേവനത്തിന് മാത്രമാണ് ഇൗ 'ഇടനില മാതൃക'ക്ക് കേന്ദ്രം നിർബന്ധിക്കുന്നത്. ഫലത്തിൽ മൂന്നു സേവനങ്ങളും (2ജി, 3ജി, 4ജി) ഒരുപോലെ പാലിച്ചുപോകേണ്ടിവരുമെന്നതിനാൽ സാമ്പത്തികബാധ്യത വലിയതോതിൽ വർധിക്കും. അതിനുള്ള പരിഹാരമായാണ് 2ജിയിൽ ഇനി നിക്ഷേപം വേണ്ടതില്ലെന്ന തലതിരിഞ്ഞ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.