പാലക്കാട്: ധോണിയില്‍ വനംവകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന പി.ടി-7 ആനയെ (ധോണി) ഏഴര മാസത്തിനുശേഷം ആദ്യമായി കൂടിന് പുറത്തിറക്കി. കാഴ്ച നഷ്ടപ്പെട്ട ഇടതുകണ്ണിന് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. നേരത്തേ തൃശൂർ വെറ്ററിനറി സർവകലാശാലയിലെ ഡോ. ശ്യാം കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ അടക്കം സാധ്യതകൾ ആരാഞ്ഞെങ്കിലും അപ്രായോഗികമാണെന്ന് അധികൃതർ വിലയിരുത്തുകയായിരുന്നു.
ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ആനയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആനയുടെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പ് ശസ്ത്രക്രിയ നടത്തി കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് കാഴ്ച വീണ്ടെടുക്കുന്നുവെന്ന് വെറ്ററിനറി സർവകലാശാലയിലെ ഡോക്ടർമാർ കണ്ടെത്തിയത്.
തുടർന്ന് വനംവകുപ്പ് അധികൃതർ കണ്ണിൽ നൽകിയിരുന്ന തുള്ളി മരുന്നുകളോടൊപ്പം ഭക്ഷണ മാർഗവും മരുന്ന് നൽകാനാരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വ്യാഴാഴ്ച ആനയെ കൂടിന് പുറത്തിറക്കിയത്.
ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കാടുവിട്ടിറങ്ങി നടന്ന് നാലുവര്‍ഷം കൃഷിനാശമുണ്ടാക്കിയ കൊമ്പനാണ് പി.ടി-ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.