പ്രതിഷേധങ്ങൾക്കൊടുവിൽ പ്രവാസി സംരംഭകന് കെട്ടിടനമ്പർ അനുവദിച്ചു

കോട്ടയം: മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനും ബഹളങ്ങൾക്കുമൊടുവിൽ പ്രവാസി സംരംഭകന് കെട്ടിടനമ്പർ അനുവദിക്കാൻ തീരുമാനം. മാഞ്ഞൂരിലെ ബിസ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് ഉടമ ഷാജി ജോർജാണ് പഞ്ചായത്തിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ പ്രതിഷേധം ആരംഭിച്ചത്. ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾ ചോദിച്ച് പഞ്ചായത്ത് മനഃപൂർവം കെട്ടിടനമ്പർ നൽകുന്നില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.

പഞ്ചായത്ത് വളപ്പിൽ കട്ടിലിട്ട് കിടന്നായിരുന്നു പ്രതിഷേധം. പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരുടെ തിരക്ക് വർധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് ഷാജിയെ റോഡിലേക്ക് മാറ്റി. അവിടെക്കിടന്നും ഷാജി പ്രതിഷേധം തുടർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് മോൻസ് ജോസഫ് എം.എൽ.എ അടക്കം എത്തി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി. തുടർച്ചയായി നിരവധി നിബന്ധനകൾ മുന്നോട്ടുവെച്ച് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെട്ടിടത്തിന് എല്ലാത്തരം അനുമതിയും ലഭിച്ചിട്ടും പഞ്ചായത്ത് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 25 കോടി ചെലവഴിച്ച് 42,000 ചതുരശ്ര അടിയിൽ ഹോട്ടൽ, ടർഫുകൾ, തിയറ്റർ, നീന്തൽകുളം, ഫിറ്റ്നസ് സെന്റർ എന്നിവ ഉൾപ്പെടുന്ന പ്രോജക്ടിന് 2020ൽ പഞ്ചായത്തിൽനിന്ന് പെർമിറ്റ് വാങ്ങിയിരുന്നു.

മോൻസ് ജോസഫ് എം.എൽ.എ, പഞ്ചായത്ത് ജോയന്റ് ഡയറക്ടർ ബിനു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കെട്ടിടനമ്പർ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ വൈകീട്ട് നാലു മണിയോടെ ഷാജി പ്രതിഷേധം അവസാനിപ്പിച്ചു.

Tags:    
News Summary - After the protests, the building number was allotted to the non-resident entrepreneur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.